കൊച്ചി ഡി സി പി ഐശ്വര്യയ്ക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

14/01/2021
കൊച്ചി : മഫ്തിയിലെത്തിയ തന്നെ തിരിച്ചറിഞ്ഞില്ല എന്ന പേരില് പാറാവ് നിന്ന വനിതാ സിവില് പോലീസ് ഓഫീസര്ക്കെതിരെ ശിക്ഷ നടപടി എടുത്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. മേലില് ഇത്തരത്തില് പെരുമാറരുത് എന്നാണ് മുന്നറിയിപ്പ്.
സംഭവം വാര്ത്തയായതോടെ ഡിസിപി ഐശ്വര്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതെല്ലാം സംസ്ഥാന സ്പെഷല് ബ്രാഞ്ച് സര്ക്കാറിന് റിപ്പോര്ട്ട് ചെയ്തു. ഇതിനെ തുടര്ന്നാണ് കൊച്ചി ഡി സി പി ക്ക് ആഭ്യന്തരവകുപ്പ് താക്കീത് നല്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര് ആണ് ഐശ്വര്യ. ഐശ്വര്യയുടെ പെരുമാറ്റം അതിരു കടന്നതായി മേലുദ്യോഗസ്ഥരും വിലയിരുത്തുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് നടപടിക്ക് കാരണമായ സംഭവം. എറണാകുളം നോര്ത്തില് ഉള്ള വനിതാ പോലീസ് സ്റ്റേഷനിലേക്ക് ആണ് ഐശ്വര്യ മഫ്തിയില് എത്തുന്നത്. വണ്ടി നോര്ത്ത് സ്റ്റേഷനുമുന്നില് പാര്ക്ക് ചെയ്തതിനുശേഷം സമീപത്തുള്ള വനിതാ സ്റ്റേഷനിലേക്ക് നടന്നു കയറുകയായിരുന്നു ഐശ്വര്യ. സാധാരണ വേഷത്തില് മാസ്ക് ധരിച്ച ഒരു സ്ത്രീ സ്റ്റേഷനിലേക്ക് കടന്നുവരുന്നത് കണ്ട പാറാവിന് നിയോഗിക്കപ്പെട്ട വനിതാ സിവില് പോലീസ് ഓഫീസര് തടഞ്ഞു.
ഇത് ഡി സി പിക്ക് ഇഷ്ടപ്പെട്ടില്ല. ഔദ്യോഗിക വാഹനത്തില് വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ല എന്നതിന് ഡി സി പി വിശദീകരണം ചോദിച്ചു. സാധാരണ വേഷത്തില് ആയതിനാല് തിരിച്ചറിയാന് കഴിഞ്ഞില്ലെന്ന് വനിതാ സിവില് പോലീസ് ഓഫീസര് വിശദീകരണവും നല്കി. ഇതില് തൃപ്തി തോന്നാത്ത ഡിസിപി രണ്ടു ദിവസത്തേക്ക് അവരെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യങ്ങള് ഡിസിപി മാധ്യമപ്രവര്ത്തകരോട് വിശദീകരിക്കുകയും ചെയ്തു.
ഐശ്വര്യ കൊച്ചി സിറ്റി പോലീസില് ചുമതലയേറ്റ് 10 ദിവസം പോലും സ്ഥലത്തുണ്ടായിരുന്നില്ല. പിന്നെ എങ്ങനെ സാധാരണ വേഷത്തില് എത്തിയാല് തിരിച്ചറിയും എന്ന ചോദ്യമാണ് പോലീസ് ഓഫീസര്മാര് ഉന്നയിക്കുന്നത്. പുതുവര്ഷത്തില് ആണ് ഐശ്വര്യ ചുമതലയേറ്റത്. പിന്നീട് അഞ്ചു ദിവസം തിരുവനന്തപുരത്തായിരുന്നു താനും.
പോലീസുകാരുമായി കൂടിക്കാഴ്ചയോ പരേഡ് പരിശോധനയോ ഒന്നും ഐശ്വര്യ നടത്തിയിട്ടില്ല. ഈ സാഹചര്യത്തില് സിവില് പൊലീസ് ഓഫീസര്ക്കെതിരെ നടപടിയെടുത്തത് ശരിയായില്ല എന്ന അഭിപ്രായമാണ് പോലീസുകാര് പങ്കുവെക്കുന്നത്.
എറണാകുളം നോര്ത്ത് പോലീസ് സ്റ്റേഷന് മുമ്ബിലാണ് ഡിസിപി വാഹനം നിര്ത്തിയത്. പാറാവ് നിന്ന സിവില് പോലീസ് ഓഫീസര്ക്ക് ഇവര് പാര്ക്ക് ചെയ്ത വാഹനം കാണാനാകില്ല. വനിതാ സ്റ്റേഷനിലെ പാറാവുകാര് കുറച്ച്‌ ഉള്ളിലായാണ് നില്ക്കുന്നത്.
പോരാത്തതിന് കോവിഡ് പ്രോട്ടോകോളും നിലനില്ക്കുന്നു. സ്റ്റേഷനിലെ സന്ദര്ശകരുടെ വിവരങ്ങള് രേഖപ്പെടുത്തേണ്ടതുണ്ട്. ആ അര്ത്ഥത്തില് തന്റെ ചുമതല നിര്വഹിക്കുകയാണ് വനിതാ സിവില് പോലീസ് ഓഫീസര് ചെയ്തത്. കൃത്യമായി ഡ്യൂട്ടി ചെയ്തതിനെ ഐശ്വര്യ അഭിനന്ദിച്ചിരുന്നു എങ്കില് എല്ലാവരും അംഗീകരിക്കുമായിരുന്നു എന്നും പോലീസുകാര് അടക്കം പറയുന്നു.
മീഡിയ വിങ്സ് , കൊച്ചി
spot_img

Related Articles

Latest news