കൊച്ചി: മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരണപ്പെട്ടു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മെട്രോ പാളത്തിൽ നിന്ന് റോഡിലേക്ക് ചാടിയത്. വടക്കേക്കോട്ടയ്ക്കും എസ് എൻ ജങ്ഷനും ഇടയ്ക്കുള്ള എമർജൻസി പാതയിലൂടെയാണ് യുവാവ് പാളത്തിൻ്റെ കൈവരിയിലേക്കെത്തിയത്. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. ഇവിടുത്തെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തിരുന്നു.
നിസാർ ട്രാക്കിൽ നിൽക്കുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാൾ താഴേക്ക് ചാടിയാൽ രക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അനുനയശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ താഴേക്ക് ചാടിയത്.
ഇയാളെ അതീവഗുരുതരാവസ്‌ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. എന്താണ് ഇത്തരമൊരു കാര്യത്തിലേക്ക് ഇയാളെ നയിച്ചതെന്ന് വ്യക്‌തമായിട്ടില്ല. പരിശോധനകൾക്ക് ശേഷം മെട്രോ സർവീസ് പുനരാരംഭിച്ചു. കൊച്ചി മെട്രോ കേന്ദ്രീകരിച്ച് ഇത്തരം ഒരു ആത്മഹത്യ നടക്കുന്നത് ആദ്യമായിട്ടാണെന്ന് അധികൃതർ അറിയിച്ചു.
*