കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ സിപിഐഎം വിശദീകരണ യോഗം ഇന്ന്. ഡിവൈഎഫ്ഐ നേതാവ് ഷിജിന്റെ വിവാഹം ലവ് ജിഹാദാണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ലവ് ജിഹാദില്‍ സിപിഐഎം നിലപാട് വിശദീകരിക്കാന്‍ കോടഞ്ചേരിയില്‍ യോഗം നടത്തുന്നത്.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷിജിന്റെ മിശ്രവിവാഹത്തെ ചൊല്ലിയുണ്ടായ വിവാദം പ്രതിരോധത്തിലായതോടെയാണ് സിപിഐഎം വിശദീകരണ യോഗം നടത്തുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്ന് മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് പറഞ്ഞു.
പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സ്ഥലം എംഎല്‍എ ലിന്റോ ജോസഫിന്റെ വിവാഹം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം നടത്തുന്നത്.
നാട്ടില്‍ ലവ് ജിഹാദാണ് നടന്നതെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. എന്നാല്‍ ലവ് ജിഹാദ് ആരോപണം ദമ്പതികള്‍ തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവഹം നടന്നതെന്ന് പറഞ്ഞ് ദമ്പതികള്‍ രംഗത്തെത്തി. തന്റെ ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ജോത്സ്നയും വ്യക്തമാക്കി.