ജിദ്ദ: കൊവിഡ് വ്യാപനവും കര്‍ശന നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തില്‍ നാട്ടില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നാട്ടിലെ സര്‍ക്കാരിതര തൊഴിലാളികള്‍ക്കും കൊണ്ടോട്ടി സെന്റര്‍ പലിശ രഹിത സാമ്പത്തിക വായ്പ നല്‍കുന്നു.
കഴിഞ്ഞ ദിവസം വെബിനാറിലൂടെ സംഘടിപ്പിച്ച കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെയും കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ്ന്റെയും സംയുക്ത മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിക്കുള്ളില്‍ കഴിയുന്നവര്‍ക്കും ‘ഒരുമ’ കൂട്ടായ്മ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ ഉളളവര്‍ക്കുമാണ് വായ്പാ ആനുകൂല്യം ലഭിക്കുക. കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പലിശ രഹിത നിധിയില്‍ നിന്നാണ് വായ്പ നല്‍കുക.
കരിപ്പൂര്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ട്ട പരിഹാര തുക ഉടന്‍ നല്‍കേണ്ടതുണ്ട്. അപകട കാരണം എന്തെന്ന് ഇതുവരെ അന്വേഷണ ഏജന്‍സി പുറത്ത് വിടാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചെറിയ വിമാനം അപകടത്തില്‍ പെട്ടതിന് വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിചിത്ര നടപടി തുടരുന്നത് നിര്‍ത്തി എല്ലാ സര്‍വ്വീസുകളും ഉടനെ പുനസ്ഥാപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടക്കയാത്രയുടെയും വാക്‌സിനേഷന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റിന് കീഴില്‍ ഹെല്പ് ലൈന്‍ നമ്പറുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് 919048404825, 919744641547, 919995905502 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും മതിയായ പഠനങ്ങളും നിയമപരമായ സാധ്യതയും മനസ്സിലാക്കാതെ പ്രവാസികളെ പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് കിറ്റുകള്‍ വിതരണം ചെയ്യാനും നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണങ്ങള്‍ നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യോഗത്തില്‍ ഒരുമ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. എ.ടി ബാവ തങ്ങള്‍, റഫീഖ് മാങ്കായി, കെ കെ ഫൈറൂസ്, പി സി അബുബക്കര്‍ കബീര്‍ നീറാട്, റഷീദ് ചുള്ളിയന്‍, മായിന്‍ കുമ്മാളി, ഇര്‍ഷാദ് കളത്തിങ്ങല്‍ , പി.ഇ അബ്ദുല്‍ നാസര്‍, റഫീഖ് മധുവായി, ജംഷി കടവണ്ടി, റഹീസ് ചേനങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.
കൊണ്ടോട്ടി സെന്റര്‍ ജിദ്ദ പ്രസിഡന്റ് സലിം മധുവായി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കല്‍ സ്വാഗതം പറഞ്ഞു. കബീര്‍ തുറക്കല്‍ ഖിറാഅത്തും ട്രഷറര്‍ ഗഫൂര്‍ ചുണ്ടക്കാടന്‍ നന്ദിയും പറഞ്ഞു.