കോട്ടയം: മെഡിക്കല്‍ കോളേജില്‍ തകർന്നൂവീണ കെട്ടിടത്തില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു. രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടക്കുന്നതിന് ശേഷമാണ് സ്ത്രീയെ പുറത്തെടുത്തത്.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് അല്‍പസമയത്തിനകമാണ് മരണം സംഭവിച്ചത്. ഇതിനിടെ രക്ഷാപ്രവർത്തനം വൈകിയെന്ന ആക്ഷേപവും ഉയരുകയാണ്. ആളൊഴിഞ്ഞ കെട്ടിടമാണെന്നായിരുന്നു മന്ത്രിമാർ ആദ്യം പ്രതികരിച്ചത്.
പുറത്തെടുത്ത ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തകർന്നുവീണ കെട്ടടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരിച്ചുവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് ബിന്ദുവിന്റെ മകള്‍ അറിയിച്ചത്. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തിയത്. ഒരു മണിയോടെയാണ് ബിന്ദുവിനെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ബിന്ദു ആശുപത്രിയില്‍ എത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലകെട്ടിടമാണ് ഇടിഞ്ഞുവീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് ഈ കെട്ടിടത്തില്‍ നേരത്തെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആളുകള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.