കൊവിഡ് നയം പാളി ? സ്വയം സൂക്ഷിക്കാന്‍ ജനങ്ങളോട് ചൈന

ബീജിംഗ് : രാജ്യത്ത് നിലനിന്നിരുന്ന കടുത്ത സീറോ – കൊവിഡ് നയത്തിന്റെ ഭാഗമായുള്ള ഭൂരിഭാഗം നിയന്ത്രണങ്ങളും ഈ മാസം ആദ്യം നീക്കിയതിന് പിന്നാലെ രാജ്യത്ത് കുത്തനെ പടരുന്ന കേസുകള്‍ കണ്ടില്ലെന്ന് നടിച്ച്‌ ചൈനീസ് ഭരണകൂടം.

രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളുടെ കണക്ക് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ച മുതല്‍ ചൈന നിറുത്തി.

ലക്ഷണങ്ങളില്ലാത്തവര്‍ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുന്നില്ലെന്ന് കാട്ടിയാണിത്. നിയന്ത്രണങ്ങള്‍ നീക്കിയ ചൈനീസ് അധികൃതര്‍ ഇപ്പോള്‍ രാജ്യത്ത് പടരുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്നും സ്വയം പരിചരണവുമായി മുന്നോട്ട് പോകണമെന്നുമുള്ള ആശയം പ്രചരിപ്പിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രി ജീവനക്കാര്‍ ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിതരാവുന്നു.

കേസുകള്‍ കൂടുന്നുണ്ടെങ്കിലും ഒമിക്രോണ്‍ ദുര്‍ബലമായെന്നാണ് അധികൃതര്‍ പറയുന്നത്. പരിശോധനകള്‍ കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ കൊവിഡ് കേസുകളുടെ എണ്ണം കണ്ടെത്തുക പ്രയാസമാണെന്ന് ചൈന തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. ഔദ്യോഗിക രേഖകളില്‍ കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. അതിനിടെ, 2023ല്‍ 10 ലക്ഷത്തിലേറെ പേര്‍ ചൈനയില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുമെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.

യു.എസ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഏപ്രിലോടെ രാജ്യത്തെ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിലവില്‍ 5,235 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചതെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഡിസംബര്‍ 7ന് ശേഷം രാജ്യത്തെ കൊവിഡ് മരണ കണക്കുകളില്‍ ചൈന മാറ്റം വരുത്തിയിട്ടില്ല.

സ്കൂളുകള്‍ അടച്ചു

അതേ സമയം, കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഷാങ്‌ഹായിയിലെ സ്കൂളുകള്‍, നഴ്സറികള്‍, ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ എന്നിവ നാളെ മുതല്‍ അടച്ചിടും. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. 230,000 അധിക ആശുപത്രി കിടക്കകള്‍ ഷാങ്ങ്‌ഹായിയില്‍ സജ്ജീകരിച്ചു. രാജ്യവ്യാപകമായി മുതിര്‍ന്നവര്‍ക്കുള്ള വാക്സിനേഷനുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ജീവനക്കാരും ഡ്രൈവര്‍മാരും കൊവിഡ് ബാധിതരായതോടെ ബീജിംഗിലെ ഫ്യൂണറല്‍ ഹോമുകളുടെ പ്രവര്‍ത്തനം വ്യാപകമായി തടസപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ ഇവരുടെ സേവനം ലഭ്യമാകുന്നില്ലെന്നാണ് പരാതി. റെസ്റ്റോറന്റ്, കൊറിയര്‍ സര്‍വീസ് തുടങ്ങിയ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരിലും കൊവിഡ് വ്യാപകമാകുന്നുണ്ട്.

spot_img

Related Articles

Latest news