ബേപ്പൂർ: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സി.യും സംയുക്തമായി നടത്തുന്ന ബേപ്പൂർ വാട്ടർഫെസ്റ്റ് ബുധനാഴ്ച സമാപിക്കും. വൈകീട്ട് ആറിന് ബേപ്പൂർ മറീനയിൽ നടക്കുന്ന ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സിനിമാതാരം മഞ്ജുവാര്യർ ഓൺലൈനായി പങ്കെടുക്കും. സംസ്ഥാന പ്ലാനിങ് ബോർഡംഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും.
26-ന് ആരംഭിച്ച ഫെസ്റ്റ് ബേപ്പൂരിന്റെ പെരുമയും ചരിത്രവും പൈതൃകവും വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളുമായി സഹകരിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജല ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക, സാഹസിക വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്.
‘വന്നോളീ കണ്ടോളീ തിന്നോളീ’
എരിവോടുകൂടിയ മധുരവും അൽപ്പം പുളിയുമുള്ള മുള സോഡ, കപ്പയും കാന്താരിച്ചമ്മന്തിയും ഗുലാബ്ജാമും സ്വീറ്റ്കോണും ചക്ക മാങ്ങ തേങ്ങ ഐസ്ക്രീം, നറുനീണ്ടിയുടെ വേരിൻസത്ത് പാലിൽ ചേർത്ത് തയ്യാറാക്കുന്ന സർബത്ത്, ഉപ്പിലിട്ടത്, അച്ചാർ, ചുരന്തി ഐസ്, കുലുക്കി സർബത്ത്, കോഴിക്കോടൻ രുചി വൈവിധ്യങ്ങളുടെ അപ്പ വിഭവങ്ങളും പഴച്ചാറും. ബിരിയാണിത്തരങ്ങളുടെ പറഞ്ഞുതീരാത്ത വെറൈറ്റികൾ, നെല്ലിക്കയുടെ സപ്ത രുചികൾ, അങ്ങനെ എത്രയെത്ര വിഭവങ്ങൾ…
ബേപ്പൂർ വാട്ടർഫെസ്റ്റിലൊരുക്കിയ ഭക്ഷ്യവിഭവ മേളയിലെത്തുന്നവരോട് കച്ചവടക്കാർ പറയുന്നു ”ങ്ങള് കാണാത്തതും കേക്കാത്തതും ണ്ട്, വന്നോളീ ഇരുന്നോളീ തിന്നോളീ”.. പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിച്ച് നാടൻ ഭക്ഷണങ്ങളും ഔഷധമൂല്യമുള്ളതും മായം ചേർക്കാത്തതുമായ മികച്ച സമീകൃത വിഭവങ്ങളും മേളയിൽ ലഭ്യമാണ്. വിശാലമായൊരുക്കിയ നൂറോളം സ്റ്റാളുകളിൽ 60 എണ്ണവും ഭക്ഷണ വ്യത്യസ്തതകളാണ്.
തീരത്തെയും കപ്പലിനെയും അടുത്തറിഞ്ഞ് അവർ മടങ്ങി
വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ‘ആര്യമാൻ’ കപ്പൽ കാണാൻ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപത് വിദ്യാർഥികൾ എത്തി. ആദ്യമായി കപ്പലിൽ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. കുട്ടികളുടെ സന്തോഷത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലും പങ്കുചേർന്നു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു. ‘ആര്യമാൻ’ കാണാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക സൗകര്യമാണ് ഏർപ്പെടുത്തിയത്. കുട്ടികൾക്ക് സഹായവുമായി കോസ്റ്റ് ഗാർഡ് അംഗങ്ങളുമുണ്ടായിരുന്നു. മണ്ഡലത്തിലേതുൾപ്പടെയുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ് കുട്ടികൾ. ‘ആര്യമാൻ’ കൂടാതെ മറ്റൊരു കപ്പലും കുട്ടികൾ സന്ദർശിച്ചു.
കൊച്ചിയിൽനിന്നെത്തിച്ച ‘ആര്യമാൻ’ കപ്പലിൽ രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, സ്റ്റേഷൻ കമാൻഡിങ് ഓഫീസർ ഫ്രാൻസിസ് പോൾ, ആര്യമാൻR കപ്പൽ ക്യാപ്റ്റൻ ലെഫ്. കമാൻഡർ സുധീർകുമാർ, ക്യാപ്റ്റൻ ഹരിദാസ്, സ്പെഷ്യൽ എജ്യുക്കേറ്റർ ഡോ. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.