റിയാദ്: കാല്‍പന്ത്കളിയിലെ കോഴിക്കോടന്‍ ആവേശം ഉള്‍ക്കൊണ്ട് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല സെവൻസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12, 20 തീയതികളിൽ റിയാദിലെ അല്‍ – വാദി സോക്കര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ മാറ്റുരക്കുന്ന ടൂർണമെന്റിൽ വിവിധ മണ്ഡലങ്ങളങ്ങള്ക്ക് വേണ്ടി സൗദിയിലെ പ്രഗല്ഭരായ കളിക്കാര്‍ ബൂട്ടണിയും.
ഡിസംബര്‍ 12ന് രാത്രി 9 മണിക്ക് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടന ദിവസത്തെ മുഖ്യ ആകർഷണമായിരിക്കും.
ബേപ്പൂര്‍ സോക്കര്‍, കുന്ദമംഗലം യൂത്ത് എഫ്.സി, ഗ്രീന്‍ ആര്‍മി തിരുവമ്പാടി, ബ്ലൂ സീ എഫ് സി കൊയിലാണ്ടി (എ), ഗ്രീന്‍ ഹോഴ്സ് കൊടുവള്ളി, ഫാല്‍ക്കണ്‍ ബാലുശ്ശേരി, ഗ്രീന്‍ സുലൈമാനി സോക്കര്‍ കുന്ദമംഗലം, വടകര കടത്തനാട് വാരിയേഴ്സ്, കുന്ദമംഗലം ഗ്രീന്‍ സുലൈമാനി സോക്കര്‍, ബ്ലൂ സി എഫ്.സി കൊയിലാണ്ടി (ബി), ഗ്രീന്‍ ലയണ്‍സ് കൊടുവള്ളി എന്നീ ടീമുകൾ വിവിധ മണ്ഡലങ്ങൾക്ക് കളിക്കളത്തിലിറങ്ങും.
ഉദ്ഘാടന മത്സരത്തില്‍ ആദ്യ മത്സരം ബേപ്പൂര്‍ സോക്കറും, വടകര കടത്തനാട് വാരിയേഴ്സും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദമാച്ച്, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്, ടോപ് സ്കോറര്‍, ബെസ്റ്റ് ഗോള്‍കീപ്പര്‍ നേടുന്ന കളിക്കാർക്ക് പ്രത്യേക പുരസ്കാരം നല്‍കും.
ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 20ന് ഇതേ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരും ടൂർണമെന്റിന്റെ സ്പോണ്‍സര്‍മാരും, കെ.എം.സി.സി സെന്‍ട്രൽ, ജില്ലാ, മണ്ഡലം വനിതാ കെഎംസിസി നേതാക്കളും സമാപന പരിപാടിയില്‍ സംബന്ധിക്കും. സമാപന ദിവസം ഷൂട്ടൗട്ട് മത്സരവും, കുട്ടികള്‍ക്ക് വേണ്ടി വിവിധ പരിപാടികളും അരങ്ങേറുമെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.