കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി സി പി ഐ എം സ്ഥാനാർത്ഥി ഷീജ ശശി തെരഞ്ഞെടുക്കപ്പെട്ടു. 9 നെ തിരെ 16 വോട്ടുകൾ നേടിയാണ് വിജയം. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാനത്തിൽ ജമീല എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നാണ് ഷീജ ശശി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ അംബിക മംഗലത്തിന് 9 വോട്ടും ഷീജയ്ക്ക് 16 വോട്ടും ലഭിച്ചു. നിലവിലുള്ള 26 അംഗങ്ങളിൽ 25 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. ഒരാൾ ക്വാറൻ്റൈനിൽ ആയതിനാൽ എത്തിയില്ല.
പേരാമ്പ്ര ഡിവിഷനിൽ നിന്നാണ് ഷീജ ശശി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ കളക്ടർ എൻ തേജ് ലോഹിത് റെഡി സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായ ഷീജ ശശി, സി പി ഐ എം ചക്കിട്ടപ്പാറ ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ പേരാമ്പ്ര എരിയാ കമ്മിറ്റി അംഗവുമാണ്.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്.