കോഴിക്കോട് ഗവ. മെഡി. കോളജിലെ മരുന്ന് ക്ഷാമം; ചര്‍ച്ച ബഹിഷ്‌കരിച്ച് മരുന്ന് കമ്പനികള്‍

കോഴിക്കോട് : കുടിശ്ശിക തുക നല്‍കാത്തതിനെത്തുടര്‍ന്ന് മരുന്നു വിതരണം നിര്‍ത്തി സമരം തുടരുന്ന മരുന്ന് കമ്പനികള്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിളിച്ച അനുരഞ്ജന യോഗം ബഹിഷ്‌കരിച്ചു. രണ്ട് മാസത്തെ തുക നല്‍കി പ്രശ്നം താത്കാലികമായി പരിഹരിക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടിയുണ്ടായത്. ഏപ്രില്‍, മെയ് മാസങ്ങളിലെ പണമാണ് നല്‍കിയത്. എന്നാല്‍, സെപ്തംബര്‍ വരെയുള്ള കുടിശ്ശിക തുക നല്‍കിയാല്‍ മാത്രമേ ചര്‍ച്ചക്കുള്ളൂവെന്നാണ് മരുന്ന് കമ്പനികളുടെ പക്ഷം.

അതേസമയം, മരുന്ന് കമ്പനികളുടെ സമരം രോഗികളെ നേരിട്ട് ബാധിച്ചുതുടങ്ങി. ഡയാലിസിസ് രോഗികള്‍ക്ക് രക്തം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഫ്ളൂയിഡിന്റെ സ്റ്റോക്ക് അവസാനിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ് മുഖേന ചികിത്സ തേടുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് തന്നെ നല്‍കുന്ന ഫ്ളൂയിഡ് കിറ്റ് കഴിഞ്ഞ ദിവസം മുതല്‍ പുറമെ നിന്ന് വാങ്ങുകയാണ്. ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ഇത് വലിയ ബാധ്യതയാണ്. നാലര മുതല്‍ അഞ്ച് ലിറ്ററോളം ഫ്ളൂയിഡാണ് ഒരു ഡയാലിസിസിന് ആവശ്യമായി വരുന്നത്.

മരുന്ന് കമ്പനികളുടെ സമരം തുടരുന്നതോടെ മറ്റ് മരുന്നുകളുടെയും സ്റ്റോക്ക് തീരുകയാണ്. ക്യാന്‍സര്‍ രോഗികളടക്കം ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.നൂല്, സിറിഞ്ച്, ഗ്ലൗസ് എന്നിവക്കും ആശുപത്രിയില്‍ ക്ഷാമം നേരിടുന്നുണ്ട്. ഈ മാസം പത്ത് മുതലാണ് കമ്പനികള്‍ മരുന്നു വിതരണം നിര്‍ത്തിയത്.

വിതരണം നിര്‍ത്തിവെക്കുമെന്ന് കാണിച്ച് ഒരു മാസം മുമ്പ് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസ്സോസിയേഷന്‍ ജില്ലാ കമ്മിറ്റി മെഡി.കോളജ് സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു. 2024 മാര്‍ച്ചിന് ശേഷമുള്ള 80 കോടി രൂപ കുടിശ്ശിക അടയ്ക്കണമെന്നായിരുന്നു ആവശ്യം.

spot_img

Related Articles

Latest news