റിയാദ്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. രാജ്യത്തിന്റെ പാർലമെന്ററി പാരമ്പര്യത്തിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഉജ്ജ്വല പ്രതിനിധിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിനും ജനാധിപത്യ ചിന്തയ്ക്കും തീരാനഷ്ടമാണെന്ന് കമ്മിറ്റി പ്രസ്താവിച്ചു.
ദീർഘകാലം ലോക്സഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം പാർലമെന്റിലെ ഗൗരവമുള്ള ഇടപെടലുകളും നിർമാണാത്മകമായ ചർച്ചകളും കൊണ്ട് ശ്രദ്ധേയനായിരുന്നു. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം വ്യക്തിത്വം കൊണ്ടും ശാന്തവും തുല്യതയുള്ള സമീപനവും കൊണ്ടും അദ്ദേഹം എല്ലാവരുടെയും ബഹുമാനം നേടിയ നേതാവായിരുന്നു. പൊതുജീവിതത്തിൽ ശുദ്ധതയും പാർദർശിതയും കാത്തുസൂക്ഷിച്ച വ്യക്തിയെന്ന നിലയിലാണ് അദ്ദേഹത്തെ രാജ്യം ഓർക്കുകയെന്ന് ഒഐസിസി വിലയിരുത്തി.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ അദ്ദേഹം കാട്ടിയ കരുതലും ഇടപെടലും പ്രത്യേകം അനുസ്മരിച്ച കമ്മിറ്റി, ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംബന്ധിച്ച വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ ഏറെ പ്രസക്തമായിരുന്നുവെന്നും, പ്രവാസി സമൂഹവുമായി ഏറെ ഹൃദയബന്ധം പുലർത്തിയ നേതാവ് കൂടിയായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ എന്നും ഒഐസിസി പ്രസ്താവനയിൽ പറഞ്ഞു.

