ഓണം ആയിട്ടും നേതാക്കള്‍ ആവർത്തിച്ച കെപിസിസി ഭാരവാഹിപ്പട്ടിക ആയില്ല

ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെ പി സി സി ഭാരവാഹിപ്പട്ടിക ഇനിയും ആയില്ല. മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലുമാണ് പട്ടിക വൈകാന്‍ കാരണം. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടന്‍ പട്ടിക പ്രഖ്യാപിക്കാനുളള ശ്രമത്തിലാണ് നേതാക്കള്‍.

ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അതിജീവിച്ചും ജംബോ പട്ടിക വെട്ടിക്കുറച്ചും കോണ്‍ഗ്രസ്സിന് ഒരു നേതൃനിര എത്ര കണ്ട് സാധ്യമാകുമെന്നത് നേരത്തേ ഉയർന്ന ചോദ്യമായിരുന്നു. ജംബോ പട്ടികയോട് വിട്ടുവീഴ്ചക്ക് തയ്യാറായ ഗ്രൂപ്പ് നേതാക്കള്‍ പക്ഷേ, തങ്ങളുടെ ഇഷ്ടക്കാർക്ക് പലർക്കും പരിഗണന ലഭിക്കില്ലെന്ന് മണത്തതോടെ ഇടയുകയും ചെയ്തു.

ഓണത്തിന് മുമ്പ് ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് ആവർത്തിച്ച സംസ്ഥാന നേതൃത്വം, പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറുകയും ചെയ്തതാണ്. എന്നാല്‍, മുതിർന്ന നേതാക്കള്‍ ഇടയുകയും ഹൈക്കമാന്‍റിന് മുന്നില്‍ പരാതികളെത്തുകയും ചെയ്തതോടെയാണ് പ്രഖ്യാപനം വൈകുന്നത്.

അതൃപ്തരെ അനുനയിപ്പിക്കുന്നതിന് ഹൈക്കമാന്‍റ് ഇടപെടല്‍ തുടരുകയാണ്. എന്നാല്‍, മുതിർന്ന നേതാക്കളുടെ ആവശ്യങ്ങള്‍ പൂർണാർത്ഥത്തില്‍ ഹൈക്കമാന്‍റ് അംഗീകരിക്കുമോ അതോ നേതൃത്വം നല്‍കിയ പട്ടികക്ക് അതേപടി അംഗീകാരം നല്‍കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.

മുതിർന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാതെ ഹൈക്കമാന്‍റ് ഇനിയുമൊരു പരീക്ഷണത്തിന് മുതിരുമോയെന്നതും ഉറ്റുനോക്കപ്പെടുകയാണ്. എന്നാല്‍, ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുളള നീക്കത്തിന് വഴങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടില്‍ തുടരുകയാണ് മുതിർന്ന നേതാക്കള്‍.

spot_img

Related Articles

Latest news