തിരുവനന്തപുരം: ആലപ്പുഴയോട് വിടപറഞ്ഞ് തലസ്ഥാനത്തേക്ക് ചേക്കേറി ഗൗരിയമ്മ. വഴുതക്കാട് പൊലീസ് ആസ്ഥാനത്തിനു പിന്നിലെ ഉദാര ശിരോമണി റോഡില്‍ താമസിക്കുന്ന സഹോദരീ പുത്രിയുടെ വീട്ടിലേക്കാണ് ഗൗരിയമ്മ താമസം മാറിയത്.
ശനിയാഴ്ച ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീടിനോടു വിടപറഞ്ഞ ഗൗരിയമ്മ 102-ാം വയസ്സില്‍ പിഎസ്‌സി മുന്‍ അംഗവുമായ പി.സി.ബീന കുമാരിയുടെ വീട്ടിലേക്കാണ് താമസം മാറിയത്.
‘കുറേ നാളായി ഞങ്ങള്‍ തിരുവനന്തപുരത്തേക്കു വിളിക്കുന്നു. കൊച്ചു മക്കള്‍ക്കൊപ്പം കഴിയണമെന്ന ആഗ്രഹം അമ്മയ്ക്കും ഉണ്ടായിരുന്നു. ശനിയാഴ്ച കൊച്ചിയിലുള്ള എന്റെ മകള്‍ക്കൊപ്പമാണ് കാറില്‍ അമ്മയും വന്നത്. അമ്മ ഒപ്പമുള്ളതാണ് ഞങ്ങള്‍ക്കും സന്തോഷവും സമാധാനവും. ഇനി ഇവിടെത്തന്നെയുണ്ടാവും. ആലപ്പുഴയിലെ വീട് അടച്ചിടുകയാണ്’ ബീന കുമാരി പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പാണ് അവസാനമായി ഗൗരിയമ്മ തലസ്ഥാനത്ത് എത്തിയത്. അതും ഗൗരിയമ്മ കൂടി ഉള്‍പ്പെട്ട ആദ്യ സര്‍ക്കാര്‍ രൂപീകരണത്തിന്റെ 60ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍. എന്നാല്‍ ഇനി സ്ഥിര വാസം ഇവിടെ തന്നെ ആയിരിക്കും. പ്രമേഹവും പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. രാഷ്ട്രീയത്തില്‍ സജീവമായ ഇടപെടലുകളില്ലെങ്കിലും പത്രത്തില്‍ നിന്നും രാഷ്ട്രീയ വാര്‍ത്തകള്‍ ചോദിച്ചറിയും.
അലര്‍ജിയുള്ളതിനാല്‍ കോവിഡ് വാക്‌സിന്‍ എടുത്തില്ല. ചാത്തനാട്ടെ വീട്ടില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ അനുഗ്രഹം തേടി അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ വീട്ടിലെത്തിയിരുന്നു. തപാല്‍ വോട്ടും രേഖപ്പെടുത്തിയ ശേഷമാണ് തലസ്ഥാനത്തേക്കു ചേക്കേറുന്നത്. കോവിഡ് സാഹചര്യത്തില്‍ ഇവിടെയും സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.