മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആര് ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പനിയും ശ്വാസ തടസവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം.
ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ കെ.ആര്.ഗൗരിയമ്മ, തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.