കോഴിക്കോട്: തിരുവമ്പാടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ഉപാധികളില്ലാതെ പുനഃസ്ഥാപിച്ച് കെഎസ്ഇബി. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു. വൈദ്യുതി പുനഃസ്ഥാപിച്ചതോടെ മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ചു. കെഎസ്ഇബി മുട്ടുമടക്കിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രതികരണം.
വൈദ്യുതി പുനഃസ്ഥാപിച്ചതിൽ സന്തോഷമെന്ന് അജ്മലിന്റെ മാതാവ് മറിയം. പ്രതികാര നടപടികൾ വേദനിപ്പിച്ചുവെന്നും നിയമപോരാട്ടം തുടരുമെന്നും മറിയം പറഞ്ഞു. ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും വൈദ്യുതി ലഭിച്ചതിൽ സന്തോഷമെന്നും പിതാവ് യു സി റസാഖും പ്രതികരിച്ചു.
കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതി.
ഇതറിഞ്ഞ അസി.എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് ഇന്നലെ രാവിലെ കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായതും വൈദ്യുതി വിച്ഛേദിച്ചതും.
നേരത്തെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉപാധിവെക്കുകയായിരുന്നു. ഇനി ജീവനക്കാരെ മര്‍ദ്ദിക്കില്ലെന്ന ഉറപ്പുനല്‍കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഉറപ്പ് കിട്ടിയാല്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉപാധിയിൽ കുടുംബം ഒപ്പ് വെക്കുകയുണ്ടായിരുന്നില്ല.ഇതിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധവും സർക്കാരിനെതിരെ മറ്റൊരു വിവാദം കൂടിയായ പശ്ചാത്തലത്തിലാണ് രാത്രിയോടെ കെഎസ്ഇബി വൈദ്യുതി പുനഃസ്ഥാപിച്ചത്. എന്നാൽ അജ്മലിനെതിരെയുള്ള കേസിൽ നടപടി തുടരും.