രുചിപ്പെരുമയ്ക്ക് പേരുകേട്ട നാടാണ് കോഴിക്കോട്. നൂറ്റാണ്ടുകളുടെ സാംസ്കാരിക പഴമയും, അറബിക്കടലിന്‍റെ വിരിമാറില്‍ നിന്ന് ഒഴുകിവരുന്ന കടല്‍ക്കാറ്റേറ്റ് മയങ്ങുന്ന സുന്ദരനഗരമാണ് കോഴിക്കോട്.
തെക്കന്‍ ജില്ലകളെപ്പോലെ മഞ്ഞും മഴയും കുളിരുമുള്ള മലമ്ബ്രദേശങ്ങളും മറ്റും അധികമില്ലെങ്കിലും കോഴിക്കോടന്‍ മണ്ണിലേക്ക് പറന്നെത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്. കോഴിക്കോടെത്തിയാല്‍ എന്തു ചെയ്യണം, എവിടെപ്പോകണം എന്നൊക്കെയുള്ള ആശങ്കകള്‍ ഇനിവേണ്ട. വിനോദസഞ്ചാരികളെ നഗരം ചുറ്റിക്കാണിക്കാന്‍ മലയാളികളുടെ സ്വന്തം ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്‍ കാണാന്‍ ആരംഭിച്ച ബസ് സര്‍വീസിന്‍റെ മാതൃകയില്‍, കോഴിക്കോട് വിനോദസഞ്ചാര സര്‍വീസ് ആരംഭിച്ച് കെഎസ്‌ആര്‍ടിസി.
കെഎസ്‌ആര്‍ടിസിയുടെ ഓര്‍ഡിനറി ബസിലായിരിക്കും യാത്ര. ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരില്‍ ആരംഭിച്ച സര്‍വീസ് കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവ വഴി കടന്നുപോകും.
യാത്ര തുടങ്ങിയാല്‍ ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ വച്ച് ബസില്‍ കയറാനാവില്ല. കോഴിക്കോടിന്‍റെ മുഖമുദ്രകളായ ഈ സ്ഥലങ്ങളില്‍ ഇറങ്ങി കാണാനും ഫോട്ടോയെടുക്കാനും ഉള്ള സൗകര്യമുണ്ടാകും. യാത്രയുടെ സാധ്യതകള്‍ പഠിച്ച് അടുത്തഘട്ടത്തില്‍ കോഴിക്കോട് ബീച്ച്, സരോവരം തുടങ്ങി കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഭാവിയില്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. വൈദ്യുതലൈനുകള്‍, മരങ്ങള്‍ എന്നിവയില്‍ തട്ടാതെയും വീതികുറഞ്ഞ റോഡുകളിലൂടെയും ബസിന് പോകാനാകുമോയെന്ന് പരിശോധന നടത്തും.
കോഴിക്കോട് കാണാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ നഗരം ചുറ്റാന്‍ അവസരമൊരുക്കുകയാണ് യാത്രയുടെ ലക്ഷ്യം. മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ബസില്‍ ഉണ്ട്. ഒരാള്‍ക്ക് 200 രൂപയാണ് ബസ്ടിക്കറ്റ് ചാര്‍ജ്. ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി എട്ടുവരെയാണ് യാത്ര. എല്ലാ ദിവസവും ഒരു സര്‍വീസാണുണ്ടാവുക. താല്‍പര്യമുള്ള ആളുകള്‍ക്ക് രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പതു വരെ 9544477954, 9846100728 എന്നീ നമ്ബറുകളില്‍ ട്രിപ്പുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യ്ത് യാത്ര ആരംഭിക്കാം.