“ജോലി ചെയ്താൽ ശമ്പളം കൊടുക്കണം, കൂപ്പണും റേഷനും കൊടുക്കുന്നത് ശരിയല്ല”; കെഎസ്ആർടിസിക്കെതിരെ സിപിഐ

കണ്ണൂർ: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി വിഷയത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെഎസ്ആർടിസിയിലെ ’12 മണിക്കൂർ തൊഴിൽ സമയം’ സിപിഐ ചർച്ച ചെയ്തിട്ടില്ല. എല്ലാ ട്രേഡ് യൂണിയനുകളും ഈ നീക്കത്തിനെതിരാണ്. സിപിഐക്കും അതേ നിലപാട് തന്നെയാണെന്ന് കാനം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജോലി ചെയ്താൽ ശമ്പളം കൊടുക്കണം. അതല്ലാതെ കൂപ്പൺ കൊടുക്കുന്നതോ റേഷൻ കൊടുക്കുന്നതോ ശരിയായ നിലപാടല്ല. ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതിരിക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. തിങ്കളാഴ്ച അംഗീകൃത സംഘടനകളുമായി ചർച്ച നടക്കുന്നുണ്ട്. അതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട സിപിഐ നിലപാട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തനും കോടതി കെഎസ്ആർടിസിക്ക് നിർദേശം നൽകിയിരുന്നു.

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ കുടുംബത്തോടൊപ്പം ഡിപ്പോയ്ക്ക് മുമ്പിൽ എത്തി പ്രതിഷേധിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അതേസമയം പ്രതിസന്ധി നേരിടുന്ന കെഎസ് ആർടിസിക്ക് ഓണക്കാലത്തു സർക്കാർ 50 കോടി രൂപ നൽകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാൽ, സാധാരണ രീതിയിൽ കെഎസ്ആർടിസിക്കു ധനവകുപ്പ് നൽകുന്ന പ്രതിമാസ സഹായമാണു 50 കോടി രൂപയെന്നുന്നും ആരോപണം ഉണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കൊടുത്തിട്ടില്ല. ഈ 2 മാസത്തേക്കു 100 കോടി അനുവദിക്കേണ്ട സ്ഥാനത്താണ് ഇപ്പോൾ പകുതി തുക അനുവദിക്കുന്നത്. ജുലൈയിലെ ശമ്പളം മാത്രമാണ് ഇതുകൊണ്ട് കൊടുക്കാൻ കഴിയുക. അപ്പോഴും ഓഗസ്റ്റ് മാസത്തെ ശമ്പളം പ്രതിസന്ധിയിലാണ്.

spot_img

Related Articles

Latest news