ഗ്രാമവണ്ടി : തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടില്‍ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : എല്ലായിടത്തും സര്‍വീസ് ഉറപ്പാക്കാന്‍ കെഎസ്‌ആര്‍ടിസി ഗ്രാമ വണ്ടി പദ്ധതി ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

തദ്ദേശ സ്ഥാപനങ്ങളുമായി ബാധ്യത പങ്കുവച്ച്‌ സേവനം വ്യാപിപ്പിക്കലാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടില്‍ സര്‍വീസ് നടത്തും. ഇന്ധന ചെലവ് തദ്ദേശ സ്ഥാപനവും മറ്റു ചെലവ് കോര്‍പറേഷനും വഹിക്കും.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി സമുദ്ര സൗജന്യ ബസ് സര്‍വീസ് ആഗസ്തില്‍ നിലവില്‍ വരും. 50 രൂപ ടിക്കറ്റ് എടുത്താല്‍ 20 മണിക്കൂര്‍ സിറ്റി സര്‍വീസില്‍ സഞ്ചരിക്കാവുന്ന സംവിധാനവും ആലോചനയിലാണ്.

ബസ് സ്റ്റാന്‍ഡ് സമുച്ചയങ്ങളില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും. ആദ്യ മാര്‍ക്കറ്റ് തിരുവനന്തപുരം തമ്പാനൂരില്‍ ആഗസ്ത് 17ന് തുടങ്ങും.

കോര്‍പറേഷന്റെ 70 പെട്രോള്‍ പമ്പുകളില്‍ പൊതുജനങ്ങള്‍ക്കും സൗകര്യമൊരുക്കും. ഇതിലൂടെ വരുമാനവും, 1200 തൊഴില്‍ അവസരവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ, ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കാന്‍ ഒരു മാസത്തിനുള്ളില്‍ പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയതായും കോര്‍പറേഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. പദ്ധതി തയ്യാറാക്കാന്‍ ഒരു മാസം സമയം അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

ദിവസ വേതനത്തിന് ജോലിചെയ്ത കാലയളവും പെന്‍ഷന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് കെഎസ്‌ആര്‍ടിസി പ്രതികരണം. ഗുണഭോക്താക്കളെ കണ്ടെത്താന്‍ നടപടി തുടങ്ങി. ഏകദേശം ഏഴായിരത്തോളം ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരാവുമെന്നാണ് കണക്കുകൂട്ടല്‍.

spot_img

Related Articles

Latest news