നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലേക്ക് കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിച്ചു. പെരിന്തൽമണ്ണ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള കെ എസ് ആർ ടി സി ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം കേരള ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണയിൽ നിന്നും മഞ്ചേരി, അരീക്കോട്, മുക്കം, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി വഴി നോളജ് സിറ്റിയിലേക്കും തിരിച്ചും ദിനേന ഓരോ ട്രിപ്പ് വീതമാണ് സർവീസ് നടത്തുക. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, താമരശ്ശേരി വഴി നോളജ് സിറ്റിയിലേക്കും തിരിച്ചും ഓരോ ട്രിപ്പ് വീതമാണ് ഉണ്ടാവുക.
പെരിന്തൽമണ്ണയിൽ നിന്നും രാവിലെ 6.30 ന് പുറപ്പെട്ട് 9.10 ന് നോളജ് സിറ്റി എത്തും. രാവിലെ 10.45 ന് തിരിച്ച് 12.01 ന് അരീക്കോട് നിർത്തും. ശേഷം 12.30 ന് അരീക്കോട് നിന്നും പുറപ്പെട്ട് 1.45 ന് നോളജ് സിറ്റിയിലെത്തും. പിന്നീട് 2.15 നോളജ് സിറ്റിയിൽ നിന്നും പുറപ്പെട്ട് 4.55 ന് പെരിന്തൽമണ്ണ എത്തും. ഈ രീതിയിലാണ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പയ്യന്നൂരിൽ നിന്നും രാവിലെ 6.45 ന് പുറപ്പെട്ട് 11.30 ന് നോളജ് സിറ്റിയിൽ എത്തും. ഉച്ചക്ക് 2.30 ന് തിരിച്ച് പുറപ്പെട്ട് വൈകീട്ട് 7.15 ന് പയ്യന്നൂർ എത്തുന്ന രീതിയിലാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ചടങ്ങിൽ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, കരീം ഹാജി, നേമം സിദ്ധീഖ് സഖാഫി,സൈഫുദ്ധീൻ ഹാജി, യൂസുഫ് ഹൈദർ പന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.