ബസുകളിൽ വൃത്തിയില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി.

ബസുകളിൽ വേണ്ടത്ര വൃത്തിയില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. വൃത്തിക്കുറവുള്ള കെ.എസ്.ആർ.ടി.സി. ബസുകളുടെ ചുമതലയുള്ള ഗാരേജുകളിലെ ജീവനക്കാർക്ക് ’പണി’ കൊടുക്കാനാണ് തീരുമാനം.

യാത്രക്കാരെ കൂടാതെ, ഡ്രൈവർമാരും കണ്ടക്ടർമാരും പരാതികൾ അറിയിച്ചതോടെയാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. ബസുകൾ കഴുകി വൃത്തിയാക്കിയേ സർവീസ് നടത്താവൂ എന്ന് കെ.എസ്.ആർ.ടി.സി. സി.എം.ഡി.യുടെ ഉത്തരവുണ്ട്. എന്നാൽ, പലയിടത്തും ഇത് പാലിക്കപ്പെടാറില്ല.

ഗാരേജ് അധികാരികളുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിപ്പോകളിൽ ബസുകൾ കഴുകുന്ന ജോലി ചെയ്യുന്നത് പുറത്തുനിന്നുള്ളവരാണ്. പലരും മുന്നിലെ ചില്ല് നന്നായി കഴുകിയശേഷം ബസാകപ്പാടെ നനച്ച് ജോലി അവസാനിപ്പിക്കും. ഗാരേജ് അധികാരികൾ ഇത് കണ്ടില്ലെന്നും നടിക്കും.

ചെറിയ ഡിപ്പോകളിലും മറ്റും വാഹനങ്ങൾ കുറവായതിനാൽ ഭേദപ്പെട്ട രീതിയിൽ കഴുകാറുണ്ട്. എന്നാൽ, വലിയ ഡിപ്പോകളിൽ ബസുകൾ കൂടുതലായതിനാൽ കഴുകൽ ചടങ്ങിലൊതുങ്ങും.

ബസിന്റെ പ്ലാറ്റ്‌ഫോം, സീറ്റുകൾ, ജനൽ ഷട്ടർ, ഡ്രൈവറുടെ ക്യാബിൻ, പിന്നിലെ ഗ്ലാസ് എന്നിവ വൃത്തിയായുന്ന പതിവ് പലയിടത്തും ഇല്ല. ഇതാണ് യാത്രക്കാരിൽ നിന്ന്‌ പരാതി ഉയരാൻ കാരണം.

ഇനി മുതൽ ഇത്തരത്തിൽ ഫോട്ടോ, വീഡിയോ അടക്കമുള്ള തെളിവുകൾ സഹിതം പരാതി ലഭിച്ചാൽ ഗാരേജ് അധികാരിക്കെതിരേയും ചുമതലപ്പെട്ട ജീവനക്കാർക്കെതിരേയും അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.

 

Mediawings:

spot_img

Related Articles

Latest news