കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോ ദൃശ്യം വ്യക്തമല്ലെന്ന് റെയില്‍വേ സുരക്ഷാസേന (ആർപിഎഫ്).ആക്രമണം നടന്നെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ആർപിഎഫ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ പ്രവർത്തിക്കുന്ന ഗവണ്മെന്റ് റെയില്‍വേ പൊലീസ് (ജിആർപി), ആർപിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങള്‍ ഇല്ലെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ആരോഗ്യ മന്ത്രിയുടെ മൊഴിയെടുക്കാൻ റെയില്‍വേ പൊലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പൊലീസ് കേസുമായി മുന്നോട്ടുപോകുന്നത്. റെയില്‍വേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
അതേസമയം, കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വീണാ ജോർജിന് ഇന്ന് വിദഗ്ദ്ധ പരിശോധന നടത്തും. എംആർഐ സ്കാനിംഗില്‍ ഗുരുതപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തല്‍. കഴുത്തിന് നേരിയ ക്ഷതം ഉണ്ടെന്നാണ് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയത്. ഇന്ന് പത്തുമണിയോടെ മെഡിക്കല്‍ ബോർഡ് മീറ്റിംഗ് ചേരും.
ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതല്‍ പരിശോധനകള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

