നാഷണൽ ഹൈവേ 766 വികസനത്തിന് എൻ.എച്ച്.എ.ഐ തയ്യാറാക്കിയ അലൈൻമെന്റിൽ കുന്ദമംഗലം ബൈപാസ് ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണ് ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്താൻ എം.പി സന്നദ്ധനാവണ൦.
എൻ.എച്ച് 766 മലാപറമ്പ ജംഗ്ഷൻ മുതൽ പുതുപ്പാടി വരെയുള്ള 35 കിലോമീറ്റർ ദൂരം പരിഷ്കരിക്കുന്നതിന് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേസ് പ്രാഥമിക അംഗീകാരം നൽകിയ അലൈൻമെൻ്റ് വിശദീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) വിളിച്ചുചേർത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകളുണ്ടായത്.
ദേശീയ പാതയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ കുന്ദമംഗലത്ത് ബൈപ്പാസ് നിർമ്മിക്കൽ, ആയതിന് താമസം വരുന്നപക്ഷം വിദ്യാർഥികൾക്കും നാട്ടുകാർക്കും റോഡ് മുറിച്ചു കടക്കുന്നതിന് എസ്കലേറ്റർ ഓവർ ബ്രിഡ്ജോ, അണ്ടർപാസോ നിർമ്മിക്കൽ, ചൂലാംവായൽ കയറ്റം കുറക്കുന്നതിന് നേരത്തെയുണ്ടായിരുന്നതും നിർത്തിവെച്ചതുമായ പ്രവൃത്തി പുനരാരംഭിക്കൽ, പടനിലം കളരിക്കണ്ടി റോഡ് ജംഗ്ഷനിൽ പൂനൂർ പുഴയിൽ നിന്ന് വെള്ളം കയറുന്ന ഭാഗം ഉയർത്തൽ, കുന്ദമംഗലം സിന്ധു തിയേറ്ററിന് മുൻവശത്ത് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തൽ, കുന്ദമംഗലത്തിനും കാരന്തൂരിനുമിടയിൽ കൈവരി സ്ഥാപിച്ച് ഫുട്പാത്ത് നിർമ്മിക്കൽ, കാരന്തൂർ ജംഗ്ഷൻ, മുക്കം റോഡ് ജംഗ്ഷൻ, പന്തീർപാടം ജംഗ്ഷൻ, കളരികണ്ടി ജംഗ്ഷൻ എന്നിവിടങ്ങൾ പരിഷ്കരിക്കൽ തുടങ്ങിയ പ്രവൃത്തികൾ എൻ.എച്ച് നവീകരണത്തിന്റെ ഭാഗമായി നടത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപെട്ടു.
മലാപറമ്പ് മുതൽ വെള്ളിമാട്കുന്ന് വരെ റോഡ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുത്ത ഭാഗത്ത് ആറുവരിപ്പാത നിർമ്മിക്കുകയും അല്ലാത്തപക്ഷം ടാറിങ്ങിന് ശേഷമുള്ള ഭാഗം പാർക്കിംഗിന് സൗകര്യപ്പെടുന്ന രീതിയിൽ പരിഷ്കരിക്കുകയും ചെയ്യണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.