കുഞ്ഞാലി ഹാജി വിട പറയുമ്പോൾ…

കുഞ്ഞാലി ഹാജി
വിട പറയുമ്പോൾ…

കടപ്പാട് -റിപ്പോർട്ട്‌:-യു.പി.അബ്ദുൾ മജീദ്.

വര: സിഗ്നി ദേവരാജൻ മാസ്റ്റർ

1960കളുടെ അവസാനം. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് ഏതാനും സ്വകാര്യ ബസ്സുകൾ മാത്രം സർവ്വീസ് നടത്തുന്ന കാലം. ചാത്തമംഗലം പ്രദേശത്ത് നിന്നുള്ള കുട്ടികൾ ഹൈസ്കൂൾ പഠനത്തിന് എത്തിയിരുന്നത് മുക്കം ഓർഫനേജ് ഹൈസ്കൂളിലും മുക്കം ഹൈസ്കൂളിലുമായിരുന്നു.രാവിലേയും വൈകുന്നേരവും കുട്ടികൾക്ക് യാത്ര വലിയ ദുരിതമായിരുന്നു. ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സി.ഡബ്ല്യു.എം.എം.എസ്, പ്രഭാകർ മോട്ടോർസ് എന്നീ കമ്പനികളുടെ പഴയ ബസ്സുകൾ മഴയിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. രാവിലെ നനഞ്ഞ് സ്കൂളിലെത്തിയ കുട്ടികൾ പ്രശ്നം തങ്ങളുടെ നേതാവ് കുഞ്ഞാലിയുടെ ശ്രദ്ധയിൽ പെടുത്തുന്നു.
വൈകുന്നേരം ഒരു സംഘം വിദ്യാർത്ഥികൾ മുക്കം അങ്ങാടിയിലെത്തി ബസ്സിലെ ചോർച്ച അടക്കണമെന്ന് ഉടമയെ അറിയിക്കാൻ ജീവനക്കാരോട് ആവശ്യപ്പടുന്നു.
ഇതിന് ഒരാഴ്ച സമയവും നൽകുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
പിന്നീടുണ്ടായത് ചെറിയൊരു പ്രതികരണം!
കുഞ്ഞാലിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്കൂളിൽ ക്ലാസ്സ് ബഹിഷ്ക്കരിക്കുന്നു. പ്രകടനമായി അഗസ്ത്യൻ മുഴിയിലേക്ക് നീങ്ങുന്നു. അഗസ്ത്യൻമുഴി-കോഴിക്കോട് റോഡിൽ കാത്തിരുന്ന് രണ്ട് ബസ്സും തടഞ്ഞിടുന്നു. കരിഓയിലും ടാറും ചേർത്ത മിശ്രിതം കൊണ്ട് രണ്ട് ബസ്സും പൂർണമായും നിറം മാറ്റുന്നു. ബസ്സിൻ്റെ ബോഡിയും ഗ്ലാസ്സും സീറ്റുമൊക്കെ കറുത്ത നിറമാക്കി സമരക്കാർ മടങ്ങുന്നു. പിന്നീട് കേസ്സും കൂട്ടവുമായെങ്കിലും കുഞ്ഞാലിയുടെ സമരവീര്യം ചോർന്നില്ല.
ഒരു കാലത്ത് മുക്കത്ത് അന്യായവും അനീതിയുമുണ്ടായാൽ ആദ്യമുയരുന്ന ശബ്ദം വയലിൽ കുഞ്ഞാലി യുടേതായിരുന്നു. വിദ്യാർത്ഥി കാലഘട്ടം മുതൽ തുടങ്ങിയതാണ് ഈ സമരവീര്യം.
80-കളിൽ ആർ.ഇ.സി ( ഇപ്പോൾ എൻ.ഐ.ടി) വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ കുഞ്ഞാലി ഹാജിയുടെ നേതൃത്വത്തിൽ മുക്കത്തുകാർ ഇടപെട്ടത് അക്കാലത്തെ വലിയ ചർച്ചയായിരുന്നു. ആർ.ഇ.സി വിദ്യാർത്ഥികൾ സംഘടിച്ച് വന്ന് നാട്ടുകാരെ തല്ലിയോടിക്കുകയും കട്ടാങ്ങൽ അങ്ങാടിയിലെ ഹോട്ടൽ തകർക്കുകയും ഫർണിച്ചറും മറ്റും കിണറ്റിലിടുകയും ചെയ്തു. അക്രമാസക്തരായ വിദ്യാർത്ഥികളെ ഭയന്ന് കട്ടാങ്ങൽ പ്രദേശത്തെ നാട്ടുകാരും കച്ചവടക്കാരും പൂർണമായി പിൻ വാങ്ങിയതോടെ അങ്ങാടി വിദ്യാർത്ഥികളുടെ നിയന്ത്രണത്തിലായി. വിവരമറിഞ്ഞ് കുഞ്ഞാലി ഹാജിയുടെ നേതൃത്വത്തിൽ സകല സന്നാഹങ്ങളുമായി മുക്കത്ത് നിന്നുള്ള ആളുകൾ രണ്ട് ലോറിയിൽ കെട്ടാങ്ങൽ അങ്ങാടിയിലിറങ്ങി.
ഉടനെ ആക്ഷൻ തുടങ്ങി. വിദ്യാർത്ഥികളെ അടിച്ചോടിച്ച് ക്യാമ്പസ്സിനകത്ത് കയറ്റിയിട്ടാണ് സംഘം മടങ്ങിയത്. അതായത് ഇപ്പോൾ പോലീസ്സുകാർ ചെയ്യുന്ന പണി അന്ന് കുഞ്ഞാലി ഹാജിയുടെ നേതൃത്വത്തിൽ മുക്കത്തുകാർ ചെയ്തു.
മികച്ച പൊതുപ്രവർത്തകൻ്റെ ഉത്തരവാദിത്വം കുഞ്ഞാലി ഹാജി നിറവേറ്റിയ നിരവധി സംഭവങ്ങളുണ്ട്.
മുക്കത്തിനടുത്ത് ആനയാം കന്നിൽ ബസ്സപകടത്തിൽപ്പെട്ടവർക്ക് മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിത്സ ലഭിക്കാത്ത സംഭവത്തിൽ പ്രതിഷേധിച്ച് സമരം നയിച്ച കഞ്ഞാലി ഹാജി മുക്കം ആശുപത്രിയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. വർഷങ്ങളായി മുക്കത്ത് തമ്പടിച്ച് ആസ്പത്രിക്കടുത്ത് വീടുണ്ടാക്കി സ്വകാര്യ ചികിത്സയിൽ മാത്രം താൽപര്യം കാണിച്ചിരുന്ന മൂന്ന് സീനിയർ ഡോക്ടർമാരെ സ്ഥലം മാറ്റാൻ കുഞ്ഞാലി ഹാജിക്ക് കഴിഞ്ഞു. ചികിത്സാ പിഴവ് സംബന്ധിച്ചുള്ള പരാതിയുമായി കുഞ്ഞാലി ഹാജി തിരുവനന്തപുരത്ത് ചെന്ന് അന്നത്തെ ആരോഗ്യ മന്ത്രി വി.എം.സുധീരനെ കണ്ടതിൻ്റെ നാലാം ദിവസമായിരുന്നു ഉത്തരവ്.
പിന്നീട് ആസ്പത്രി സൗഹൃദ സമിതിയുണ്ടാക്കി ലക്ഷങ്ങൾ വില പിടിപ്പുള്ള സാധനങ്ങൾ നാട്ടുകാരിൽ നിന്ന് സ്വരൂപിച്ച് ആശുപത്രിക്ക് കൈമാറാൻ കുഞ്ഞാലി ഹാജി മുന്നിൽ നിന്നു.
മുക്കത്തെ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ കുഞ്ഞാലി ഹാജിയുടെ സന്നദ്ധ സേവനത്തിൻ്റേയും നന്മ നിറഞ്ഞ മനസ്സിൻ്റേയും പ്രതീകമാണ്.
സാമ്പത്തിക പ്രയാസങ്ങൾ മൂലം അടച്ചു പൂട്ടുന്ന അവസ്ഥയിൽ നിന്ന് സ്ഥാപനത്തെ കൈ പിടിച്ചുയർത്താൻ ആളുകളെ സംഘടിപ്പിച്ചത് കുഞ്ഞാലി ഹാജിയാണ്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന സ്ഥാപനമായി പ്രതീക്ഷ സ്കൂൾ വളർന്നു കഴിഞ്ഞു.
മുക്കം അനാഥ ശാല കമ്മിറ്റിയിൽ സജീവമായ കുഞ്ഞാലി ഹാജി പ്രസിഡൻറ് എന്ന നിലയിൽ
സ്ഥാപനത്തിൻ്റെ വളർച്ചക്ക് ചുക്കാൻ പിടിച്ചു.
കുഞ്ഞാലി ഹാജിയുടെ വീട് എക്കാലത്തും അശരണർക്ക് അത്താണിയായിരുന്നു.
മാരക രോഗങ്ങൾ ബാധിച്ച് ചികിത്സിക്കാൻ പണമില്ലാത്ത ഒട്ടനവധി പേരെ വെല്ലൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയിരുന്നു കുഞ്ഞാലി ഹാജി.
മുക്കം പ്രദേശത്തെ പല തർക്കങ്ങളിലും ‘പഞ്ചായത്ത് ‘ പറയാനും ആളുകൾ കുഞ്ഞാലി ഹാജിയെ ആശ്രയിക്കാറുണ്ടായിരുന്നു.
മുക്കത്തെ മതേതര ചിന്താ ധാര രൂപപ്പെടുത്തുന്നതിൽ കുഞ്ഞാലി ഹാജിയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുക്കം മൈക്കോയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്ന കുഞ്ഞാലി ഹാജിയുടെ വിപുലമായ സുഹൃദ് വലയം കലാ-കായിക രംഗത്തും മുക്കത്തിന് മുതൽകൂട്ടായി .
അഞ്ച് വർഷക്കാലം മുക്കം ഗ്രാമ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ഹാജി ജനസേവനത്തിൻ്റെ ഉത്തമ മാതൃകയായി. മുക്കത്തെ സമ്പന്നമായ വയലിൽ കുടുംബത്തിൽ നിന്ന് പാവപ്പെട്ടവരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന കുഞ്ഞാലി ഹാജി തൻ്റെ സമ്പത്തും സമയവും സന്നദ്ധ പ്രവർത്തനത്തിന് മാറ്റി വെച്ചു.
അപ്രിയമായ സത്യങ്ങൾ ആരുടേയും മുഖത്ത് നോക്കി പറയുന്ന ആർജവമാണ് കുഞ്ഞാലി ഹാജിയെ വ്യത്യസ്തനാക്കുന്നത്.
മുക്കം പ്രദേശത്തെ പല സന്നദ്ധ സംഘടനകളുളേയും അമരത്തുണ്ടായിരുന്ന കുഞ്ഞാലി ഹാജി. വലിയ പബ്ലിസിറ്റി ഒന്നും ആഗ്രഹിക്കാതെ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കിയാണ് യാത്ര പറയുന്നത്.

spot_img

Related Articles

Latest news