മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള മന്ത്രി സഭാ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ്. മുസ്ലിം വിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയെന്ന് ലീഗ് ദേശിയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.സച്ചാര്‍ കമ്മിറ്റിയെക്കാള്‍ കൂടൂതല്‍ ആനുകൂല്യം നല്‍കാനാണ് ഞങ്ങള്‍ പാലൊളി കമ്മിറ്റി കൊണ്ട് വന്നതെന്ന് പറഞ്ഞ ഇടതു സര്‍ക്കാര്‍ തന്നെ അതിനെ 80:20 ആക്കി മാറ്റി.
എന്നിട്ട് അവര്‍ തന്നെ ഒരു വിഭാഗത്തിന് 80 ലഭിക്കുന്നു മറ്റൊരു വിഭാഗത്തിന് 20 മാത്രമെയുള്ളുവെന്ന ചര്‍ച്ചയുമുണ്ടാക്കിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ച് മുസ്ലീംകള്‍ക്ക് ആനുകൂല്യം കൊടുക്കുകയും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വേറൊരു സ്കീം കൊണ്ടുവരികയാണ് വേണ്ടത്. അതിന് പകരം വെറുതെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ് അനുപാതം ഹൈകോടതി വിധിയനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം പുന:ക്രമീകരിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു. നിലവിലെ 80:20 ഹൈകോടതി അനുപാതം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.