കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു

ദില്ലി: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുള്‍ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവര്‍ക്കൊപ്പം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് രാജി. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോകസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനുവരിയില്‍ രാജി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ രാജി മാറ്റിവെക്കുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ലീ​ഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തേക്ക് യുവനേതാക്കളെ പരിഗണിക്കുമെന്നാണ് അവകാശവാദം. ‌യുഡിഎഫ് ഘടകക്ഷികള്‍ക്കിടയിലെ സ്വീകാര്യതയും സ്വാധീനവും പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച്‌ കൊണ്ട് വരുന്നതെന്നാണ് വിശദീകരണം. 2019ല്‍ കേന്ദ്രമന്ത്രിപദം പ്രതീക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മല്‍സരിച്ചത്. എന്നാല്‍ യുപിഎ വന്‍ പരാജയമാണ് ദേശീയതലത്തില്‍ ഏറ്റുവാങ്ങിയത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി നല്‍കിയതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വ്യക്തമായിരുന്നു. നീക്കത്തില്‍ കടുത്ത വിമര്‍ശനമാണ് എതിര്‍ ചേരികളില്‍ നിന്ന ഉയ‌ന്നതെങ്കിലും ഇത് വകവയ്ക്കാതെ മുന്നോട്ട് പോകാനാണ് ലീ​ഗ് തീരുമാനം.

 

മീഡിയ വിങ്സ്, ന്യൂഡൽഹി

spot_img

Related Articles

Latest news