അഞ്ച് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി ദുൽഖർ ചിത്രം ‘കുറുപ്പ്’

ദുൽഖർ സൽമാൻ നായകനായ കുറുപ്പിന് പ്രേക്ഷകർ തിയേറ്ററുകളിൽ വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് പോലും തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ഉണ്ട്. ആദ്യദിനം തന്നെ കുറുപ്പ് ലൂസിഫറിനെയും മറ്റ് പല ചിത്രങ്ങളെയും കളക്ഷൻ റെക്കോർഡിൽ പിന്നിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം 50 കോടി കളക്ഷൻ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.

ദുൽഖർ സൽമാനാണ് ഈ സന്തോഷം ഔദ്യോഗികമായി പുറത്ത് വിട്ടത്. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചിരുന്നു. 50 ശതമാനം പ്രവേശനാനുമതി മാത്രമേ കേരളത്തിൽ ഉണ്ടെങ്കിൽ പോലും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ഇങ്ങനെ ഒരു നേട്ടം കുറുപ്പിന് കൈവരിക്കുവാൻ സാധിച്ചുവെന്നത് മലയാള സിനിമക്ക് ഏറെ പ്രതീക്ഷ പകരുന്ന ഒരു കാര്യമാണ്.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മാണം.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

‘മൂത്തോൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി.ആർ.ഒ. – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

Mediawings:

spot_img

Related Articles

Latest news