തൃശൂർ: കുതിരാന്‍ തുരങ്കം തുറക്കാന്‍ ദേശീയ പാത അതോറിറ്റിയുടെ അനുമതി. തുരങ്കത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുരക്ഷാ പരിശോധന പൂർത്തിയായി.
തുരങ്കം എന്ന് മുതല്‍ ഗതാഗതത്തിന് തുറന്ന് നല്‍കുമെന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുക്കും. തുരങ്ക കവാടത്തിൽ മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കോൺക്രീറ്റിങ് ഉൾപ്പടെയുള്ള പ്രവർത്തികൾ പൂർത്തിയായി. കൂടാതെ വൈദ്യുതീകരണം, ചൂട്, കാർബൻ ഡൈ ഓക്സസൈഡ് എന്നിവയുടെ അളവ് അറിയാനുള്ള സെൻസർ സംവിധാനം, തുരങ്കത്തിനു പുറത്തെ കണ്ട്രോൾ റൂം, പൊടി പടലം മാറ്റാനുള്ള സംവിധാനം, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ കാര്യങ്ങളും പ്രവർത്തന സജ്ജമായിട്ടുണ്ട്.
നേരത്തെ കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിനാണ് ഇപ്പോൾ അനുമതി ലഭിച്ചത്.