കുവൈറ്റ് സിറ്റി: അറുപത് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന് കുവൈറ്റ് സര്‍ക്കാര്‍. ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്തവര്‍ക്കാണ് പുതുക്കി നല്‍കാതിരിക്കുക. കുവൈത്ത് അധികൃതരുടെ ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ക്യാംപയ്ന്‍ ശക്തമാവുകയാണ്. കഴിഞ്ഞ വര്‍ഷം തന്നെ ഈ തീരുമാനം നിലവില്‍ വന്നിരുന്നുവെങ്കിലും 2021 ജനുവരി ഒന്നു മുതലാണ് ഈ തീരുമാനം നടപ്പിലാക്കിയത്.
ഇതു പ്രകാരം 60 വയസ്സ് കഴിഞ്ഞവരും ഹൈസ്‌കൂള്‍ ഡിഗ്രിയോ അതില്‍ കുറവോ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവരുമായ പ്രവാസികള്‍ക്ക് നിലവിലെ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞാല്‍ അത് പുതുക്കി നല്‍കില്ല. അടുത്ത കാലത്തായി വിദേശികള്‍ക്കെതിരേ ശക്തമായ വികാരം രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രാജ്യത്ത് ഉയര്‍ന്നുവന്നിരുന്നു.
ഇതിന്റെ പ്രത്യാഘാതം എന്നോണമാണ് പുതിയ നിയമം നിലവില്‍ വന്നിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 70 ശമതാനത്തോളവും പ്രവാസികളാണെന്നാണ് കണക്ക്. രാജ്യത്തിന്റെ വിഭവങ്ങളിലേറെയും പ്രവാസികളാണ് അനുഭവിക്കുന്നതെന്നും രാജ്യത്തെ ജനസംഖ്യയിലുള്ള അസന്തുലിതത്വം അവസാനിപ്പിക്കണമന്നുമാണ് പലരുടെയും ആവശ്യം. രാജ്യത്തെ വിദേശികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി കുറക്കണമെന്ന് കുവൈറ്റ് പ്രധാനമന്ത്രി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.