ചെറുപുഴ : മലയോരത്തിന്റെ അഭിമാനമായ കെ.വി ശ്രുതി കണ്ണൂർ ജില്ലാ ലാൻഡ് റവന്യൂ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആയി ജോലിയിൽ പ്രവേശിച്ചു..ചെറുപുഴ പ്രാപ്പൊയിൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാണ് 1 മുതൽ പ്ലസ്ടു വരെയുള്ള പഠനം പൂർത്തിയാക്കിയത്. തുടർന്ന് ചെന്നൈ ഐ.ഐ.ടി.യിൽ നിന്നും ഇൻ്റർഗ്രേറ്റഡ് എം.എ പൂർത്തിയാക്കിയ ശ്രുതി കോച്ചിംഗ് ക്ലാസ്സുകളിലൊന്നും പങ്കെടുക്കാതെയാണ് കേരള പി.എസ് സി നടത്തിയ പരീക്ഷയിൽ ഡപ്യൂട്ടി കളക്ടറായത്. പെരിങ്ങോം സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്കിൻ്റെ കൂടം ബ്രാഞ്ച് മാനേജർ കെ.വി കുഞ്ഞികൃഷ്ണൻ്റേയും അങ്കണവാടി വർക്കർ താര കെ.സിയുടേയും മകളാണ് ശ്രുതി. ഏക സഹോദരി ലയ കുഞ്ഞികൃഷ്ണൻ എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്.സി സുവോളജി വിദ്യാർത്ഥിയാണ്. സ്വപ്രയത്നത്തിൻ്റേയും കൃത്യമായ ലക്ഷ്യ ബോധത്തിൻ്റേയും ആത്മസമർപ്പണത്തിൻ്റേയും ഉദാത്ത മാതൃകയാണ് ശ്രുതി. ഗവൺമെൻ്റ് സർവീസിലെ ഉന്നത പദവിയിൽ നിയമിതയായ ശ്രുതിയുടെ അഭിമാനകരമായ നേട്ടം പുതു തലമുറയ്ക്ക് മാതൃക തന്നെയാണ്.