കാര്യങ്ങള്‍ ചോദിച്ചറിയാനാണ് വിളിച്ചതെന്ന് മിനിക്കോയ് സി.ഐ അക്ബര്‍
കൊച്ചി: ലക്ഷദ്വീപില്‍ ഇപ്പോഴും പൊലിസ് ജനങ്ങളെ വേട്ടയാടുകയാണെന്ന് പ്രതികരിച്ച അഭിഭാഷക ഫസീല ഇബ്രാഹിമിന്റെ ആരോപണത്തിനെതിരേ മിനിക്കോയ് ദ്വീപിലെ സി.ഐ അക്ബര്‍. ഫസീലയെ ഉപദേശിക്കാനാണ് വിളിച്ചതെന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമായിരുന്നു ഉദ്ദേശമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ ഒരു ചാനല്‍ ചര്ച്ചക്കിടെയാണ് ഫസീല ഇബ്രാഹിം മാധ്യമങ്ങളോട് പൊലിസ് ഭീഷണി മുഴക്കിയതായും തനിക്കെതിരേ പൊലിസ് അന്വേഷണം ആരംഭിച്ചതായും അറിയിച്ചത്. ഇവരുടെ പിതാവിനെയും വിളിച്ച് ചാനലില്‍ സംസാരിക്കരുതെന്നു ഭീഷണി മുഴക്കിയെന്നും അവര്‍ ആരോപിച്ചിരുന്നു.
താനിനിയും മാധ്യമങ്ങളോട് സംസാരിക്കുമെന്നും അത് തന്റെ അവകാശമാണെന്നും ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമല്ലേ എന്നും ഫസീല ചോദിച്ചു. ലക്ഷദ്വീപിന്റെ അവസ്ഥ അപകടകരമാണ്. പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ പ്രതിഷേധിച്ച 24 പേര്‍ ഇപ്പോഴും ജയിലിലാണ്.
ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായതോടെയാണ് മാധ്യമങ്ങളിലൂടെ തങ്ങള്‍ പ്രതികരിച്ചത്. തങ്ങളേയും ഭയപ്പെടുത്താനാണ് പൊലിസ് ശ്രമിക്കുന്നതെന്നത്. ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്കാണ് എത്തിക്കുന്നതെന്നും ഫാസില പ്രതികരിച്ചു.
ലക്ഷദീപിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യാതൊരു നിയമവും ദ്വീപില്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉറപ്പു നല്‍കിയ ദിനത്തിലാണ് ഫാസിലക്ക് ഇത്തരത്തിലൊരനുഭവമുണ്ടായത്.