കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സാഹസികമായാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി സുശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. പുറത്തെത്തടുത്ത ഉടന്‍ തന്നെ ഡോക്ടര്‍ പരിശോധിച്ചു. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇതോടെ കഴുത്തറ്റം മണ്ണിനടിയിലായ സുശാന്തിന് രക്ഷാപ്രവര്‍ത്തകര്‍ ഓക്സിജന്‍ നല്കി. കുടിക്കാന്‍ വെള്ളവും നല്കി. ആദ്യം നെഞ്ചുവരെ ഭാഗത്തെ മണ്ണു രക്ഷാപ്രവര്‍ത്തകര്‍ നീക്കിയെങ്കിലും, വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് ആശങ്ക സൃഷ്ടിച്ചത്. രണ്ടുമണിക്കൂറിലേറെയാണ് ഇയാള്‍ മണ്ണിനടിയില്‍ കുടുങ്ങിയത്.
മറിയപ്പള്ളി മഠത്തു കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ രാവിലെ ഒമ്ബതുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ മണ്‍തിട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിയില്‍ നാലുപേര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്.രണ്ടു മലയാളികളും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് ജോലിയിലേര്‍പ്പെട്ടിരുന്നത്.