കവളപ്പാറ പുത്തുമല ദുരന്തത്തിന്റെ രണ്ടാം വാർഷികം; പെട്ടിമുടി ദുരന്തത്തിന്‌ ഒരാണ്ട്‌

കേരളത്തിന്റെ മണ്ണില്‍ ഇരട്ടദുരന്തം പെയ്തിറങ്ങിയിട്ട് രണ്ടാണ്ട്. 2019 ആഗസ്ത് എട്ടിനാണ് നാടിനെ നടുക്കിയ കവളപ്പാറ, പുത്തുമല ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. വയനാട്ടിലെ പുത്തുമലയില്‍ വൈകിട്ട് നാലോടെയാണ് 17 ജീവനെടുത്ത ആദ്യ ദുരന്തം ഉണ്ടായത്. രാത്രി എട്ടോടെ 59 പേരുടെ ജീവനെടുത്ത് മലപ്പുറം കവളപ്പാറയും ഇടിഞ്ഞിറങ്ങി.

എന്നാൽ പുത്തുമലയില്‍ 12ഉം കവളപ്പാറയില്‍നിന്ന് 48ഉം മൃതദേഹമേ ഇതു വരെ കണ്ടെത്തിയുള്ളൂ. സര്‍വതും മണ്ണെടുക്കുന്നതു കണ്ട് ശ്വാസമടക്കി നിന്ന ജനത ഇന്ന് ജീവിതപ്പച്ചയിലേക്ക് തിരികെ നടക്കുകയാണ്.

കവളപ്പാറയില്‍ മരിച്ച 59 പേരുടെ ആശ്രിതര്‍ക്കും നാലു ലക്ഷം രൂപ ആദ്യ സഹായം നല്‍കി. ഭൂമി വാങ്ങാനും വീടിനുമായി 127 കുടുംബത്തിന് 10 ലക്ഷവും സര്‍ക്കാര്‍ കൈമാറി. ഭൂദാനം ആലിന്‍ചുവട്ടില്‍ നിര്‍മിച്ച 59 വീട്ടില്‍ താമസം തുടങ്ങി.

രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച മാങ്ങാട്ടുതൊടിക അനീഷിന്റെ ഭാര്യ അശ്വതിക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചു. വ്യവസായി എം എ യൂസഫലി സര്‍ക്കാര്‍ സഹായത്തോടെ 33 വീടും നിര്‍മിച്ച്‌ നല്‍കി. കോണ്‍ക്രീറ്റ് റോഡ്, സുരക്ഷാ മതില്‍, വൈദ്യുതി എന്നിവയും ഉറപ്പാക്കി.

ഞെട്ടിക്കുളം, മുതുകുളം എന്നിവിടങ്ങളിലെ 35 വീടും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉപ്പട ഗ്രാമം റോഡില്‍ 33 എണ്ണവും ഒരുങ്ങുന്നുണ്ട്. എസ്ടി വിഭാഗത്തിന്റെ പുനരധിവാസത്തിന് ഐടിഡിപി രണ്ടു ലക്ഷം രൂപ അധികമായി അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെയും പി വി അന്‍വര്‍ എംഎല്‍എയുടെയും പോത്ത്കല്ല് പഞ്ചായത്ത് ഭരണസമിതിയുടെയും ഇടപെടലാണ് പുനരധിവാസ നടപടി വേഗത്തിലാക്കിയത്.

പുത്തുമലയില്‍ ഇരകളായവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഹര്‍ഷം പദ്ധതി ആവിഷ്കരിച്ചു. 103 കുടുംബത്തെയാണ് ഇതുവഴി പുനരധിവസിപ്പിക്കുന്നത്. ഭൂമി വാങ്ങാന്‍ ആറു ലക്ഷവും വീട് നിര്‍മിക്കാന്‍ നാലു ലക്ഷം രൂപയും അനുവദിച്ച്‌ 47 കുടുംബങ്ങളെ വിവിധ സ്ഥലങ്ങളില്‍ പുനരധിവസിപ്പിച്ചു.

56 കുടുംബങ്ങൾക്കായി മേപ്പാടി പൂത്തക്കൊല്ലി എസ്റ്റേറ്റിലെ ഏഴേക്കര്‍ ഏറ്റെടുത്തു. സന്നദ്ധ സംഘടനകളും സര്‍ക്കാരും ചേര്‍ന്നാണ് വീട് നിര്‍മാണം. 10 വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ പ്രവൃത്തി പുരോഗമിക്കുന്നു.

കവളപ്പാറ– പുത്തുമല ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓര്‍മയ്ക്ക് ഒരാണ്ട് തികയാന്‍ 2 ദിവസം ശേഷിക്കെ ഇടുക്കി പെട്ടിമുടിയില്‍ അതേ ദുരന്തം ആവര്‍ത്തിച്ചു. 2020 ആഗസ്ത് ആറിന് ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി 70 ജീവനാണ് നഷ്ടമായത്.

പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം വീതം നല്‍കി. 23 കോടി രൂപയാണ് ആകെ ധനസഹായം നല്‍കിയത്. വീട് നഷ്ടപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് കുറ്റ്യാര്‍വാലിയില്‍ വീട് നിര്‍മിച്ച്‌ നല്‍കി. ദുരന്തത്തില്‍നിന്നും കഷ്ടിച്ച്‌ രക്ഷപ്പെട്ട കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനചെലവും സര്‍ക്കാര്‍ ഏറ്റെടുത്തു.

വെള്ളിയാഴ്ച എസ്റ്റേറ്റില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ബന്ധുക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പെട്ടിമുടിയില്‍ എത്തി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

spot_img

Related Articles

Latest news