ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന്‍ നിര്‍മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗില്‍ തകര്‍ന്നത്. യുക്രൈന്‍ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകര്‍ക്കപ്പെട്ടത്.
കീവിലെ ആന്റനോവ് എയര്‍ഫീല്‍ഡിലായിരുന്നു മ്രിയ ഉണ്ടായിരുന്നത്. ഇവിടെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. റഷ്യയ്ക്ക് തങ്ങളുടെ മ്രിയ ഇല്ലാതാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായി യൂറോപ്യന്‍ രാഷ്ട്രം എന്ന സ്വപ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് കുലേബ ട്വിറ്ററില്‍ കുറിച്ചു.
‘മ്രിയ’ എന്ന വാക്കിന് യുക്രൈന്‍ ഭാഷയില്‍ സ്വപ്നം എന്നാണ് അര്‍ഥം. 32 വീലുകളും ആറ് എഞ്ചിനുകളുമുള്ള വിമാനമാണ് മ്രിയ. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോര്‍ഡ് ഈ വിമാനത്തിനായിരുന്നു. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയായിരുന്നു ആന്റനോവ്.
ഇന്ന് സര്‍വീസിലുള്ള കാര്‍ഗോ വിമാനങ്ങള്‍ക്കിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും മ്രിയയ്ക്കാണ്. അതേസമയം, വിമാനത്തിന്റെ ആദ്യ കൊമേഴ്ഷ്യല്‍ ഫ്ലൈറ്റ് 2002ല്‍ ജര്‍മ്മനിയില്‍ നിന്നും ഒമാനിലേയ്ക്കായിരുന്നു. നിലവില്‍ യുക്രെയ്നിലെ ആന്റനോവ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലാണ് ഈ പടുകൂറ്റന്‍ വിമാനം.