ആണാധിപത്യത്തിനെതിരെ പരസ്യമായി പ്രതിഷേധിക്കാൻ തയ്യാറായ ലതിക സുഭാഷിനും ശോഭ സുരേന്ദ്രനും ആശംസകൾ നേർന്നു എഴുത്തു കാരി കെ.ആർ. മീര. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ യഥാർത്ഥ മുഖമാണ് നമ്മൾ കാണുന്നതെന്നും അവർ പറഞ്ഞു.
ബിജെപി കേരള രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കാൻ അങ്ങോളമിങ്ങോളം ഓടി നടന്നു പ്രവർത്തിച്ച ആളാണ് ശോഭ സുരേന്ദ്രൻ. നേരിട്ട് അടുത്ത് പരിചയമില്ലെങ്കിലും അവരുടെ പൊരുതാനുള്ള ഊർജം അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും കെ. ആർ. മീര ഓർമ്മിച്ചു. ഒരു പുരോഗമന പ്രസ്ഥാനത്തിൽ ആയിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു എന്നും അവർ പറഞ്ഞു.
അതുപോലെ തന്നെയാണ് ലതിക സുഭാഷും. പാർട്ടി നേതൃപദവിയിൽ ഇരിക്കുമ്പോഴും അവർ തൊഴിലെടുത്തു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പത്ര പ്രവർത്തക ആയിരുന്നത് മുതൽ തനിക്കു നേരിട്ട് പരിചയമുണ്ടെന്നും അവർ പറഞ്ഞു. പുരുഷാധിപത്യത്തിനെതിരെ പ്രതിഷേധിക്കാനും വിളിച്ചു പറയാനും അവർ ഇരുവരും കാണിച്ച ധൈര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നവർ ഫേസ്ബുക്കിൽ കുറിച്ചു .