ലാവലിനോ, സ്വർണക്കടത്ത് കേസോ? ഇത് വിസ്‌മയം; അമിത് ഷായെ ക്ഷണിക്കാനുള്ള കാരണം എന്താണെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചത് വിസ്മയത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്‌നമെന്ന് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019- ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കളെന്ന് വി ഡി സതീശൻ പറഞ്ഞു.
“കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായിരുന്ന കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എന്‍എച്ച്എഐ ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രി വരേണ്ടെന്ന് സ്ഥലം എം.പിക്ക് പറയാനാകില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എംപിയെ സംഘി പ്രേമചന്ദ്രനെന്ന് ആക്ഷേപിച്ചു. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്റെ പേരില്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രേമചന്ദ്രനെയും ഷിബു ബേബി ജോണിനെയും അധിക്ഷേപിച്ച സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ നെഹ്‌റു ട്രോഫി വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്റെ നടപടിയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്” – എന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു.

സിപിഎമ്മും ഡല്‍ഹിയിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന യുഡിഎഫ് ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഈ അവസരവാദ നിലപാടില്‍ മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎം കേന്ദ്ര ഘടകത്തെ നിയന്ത്രിക്കുന്ന സംസ്ഥാന ഘടകമാണ് കേരളത്തിലുള്ളതെന്ന് വി ഡി സതീശൻ ആരോപിച്ചു. ഇത് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിലും കണ്ടതാണ്. ബിജെപി വിരുദ്ധതയാണ് സിപിഎം കേന്ദ്ര ഘടകത്തിന്റെ നിലപാടെങ്കിലും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാക്കി സംസ്ഥാന നേതൃത്വം ഹൈജാക്ക് ചെയ്തു. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തകര്‍ക്കണമെന്ന ആഗ്രഹമുള്ളവരാണ് കേരളത്തിലെ സിപിഎമ്മുകാരെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഐ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒരു കാര്യവുമില്ല. ലോകായുക്ത ബില്ലിനെ ശക്തിയായി എതിര്‍ത്തെന്നാണ് സിപിഐ പറഞ്ഞത്. പിന്നീട് സിപിഎമ്മുമായി ഒത്തുതീര്‍പ്പിലെത്തി. പിണറായി വിജയന് എതിരെ മന്ത്രിസഭയിലെ ഒരാളുടെയും ചുണ്ടനങ്ങില്ല. ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിച്ചാണ് അദ്ദേഹം മന്ത്രിസഭ ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

spot_img

Related Articles

Latest news