തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസില്‍ പ്രതി ബെയ്‌ലിൻ ദാസിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസിലെ സാക്ഷികളെല്ലാം ബെയ്ലിൻ ദാസിന്റെ ജീവനക്കാരായതിനാല്‍ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. ബെയ്‌ലിൻ കേസില്‍ ഇടപെടരുതെന്ന കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്നും ഏത് ഉപാധികള്‍ക്കും തയ്യാറാണെന്നും വാദത്തിനിടയില്‍ ബെയ്ലിൻ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ പൂജപ്പുര ജില്ലാ ജയിലിലാണ് ബെയ്‌ലിനുളളത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് യുവ അഭിഭാഷകയായ ജെ വി ശ്യാമിലിയെ ഓഫീസില്‍ വച്ച് ക്രൂരമായി മർദ്ദിച്ചത്. സംഭവം വഷളായതോടെ ബെയ്‌ലിൻ ഒളിവില്‍ പോകുകയായിരുന്നു. തുടർന്ന് ഇയാള്‍ പൊലീസ് പിടിയിലാകുകയും ചെയ്തു. ബെയ്‌ലിൻ ശ്യാമിലിയെ പിടിച്ചുനിര്‍ത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഗർഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വച്ച് നേരത്തെയും, തന്നെ ബെയിലൻ ദാസ് മർദ്ദിച്ചിരുന്നുവെന്നും ശ്യാമിലി വെളിപ്പെടുത്തിയിരുന്നു.