സി പി എം 85, സി പി ഐ 25 കേരള കോണ്‍ഗ്രസ് എം 13 ; സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ച
ചങ്ങനാശ്ശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കാന് ധാരണയായതോടെ എല്‍.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പില്‍ സി.പി.എം 85 സീറ്റുകളിലും സിപിഐ 25 സീറ്റിലും കണ്ണൂരില്‍ സി.പി.ഐ മത്സരിക്കുന്ന ഇരിക്കൂറും നല്‍കിയതോടെ കേരളാ കോണ്‍ഗ്രസിന് 13 സീറ്റുകള്‍ ലഭിച്ചു. ജെ ഡി എസ് നാല് സീറ്റിലും എല്‍ ജെ ഡി, എന്‍ സി പി, ഐ എന്‍ എല്‍ എന്നിവർ 3 വീതം സീറ്റുകളിലും മത്സരിക്കും. ബുധനാഴ്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
കണ്ണൂരില്‍ സി.പി.ഐക്ക് ഒരുസീറ്റ് പോലും ലഭിച്ചില്ല. കോട്ടയത്ത് വൈക്കത്ത് മാത്രമാണ് സി.പി.ഐ മത്സരിക്കുന്നത്. വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ മത്സരിക്കുന്നതായിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ എത്തിയതോടെ കാഞ്ഞിരപ്പള്ളി അവര്‍ക്ക് നല്‍കുകയായിരുന്നു. പകരം ചങ്ങനാശേരി വേണമെന്നതായിരുന്നു സി.പി.ഐയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായില്ല.ചങ്ങനാശ്ശേരി കിട്ടിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവര്‍.
ആദ്യ ഘട്ടത്തില്‍ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും മലപ്പുറത്തെ രണ്ടു സീറ്റും ഉള്‍പ്പടെയുള്ളവയില്‍ നിന്ന് നാല് സീറ്റ് വിട്ടുനല്‍കാനാണ് ധാരണയായത്. കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി വിട്ടുനല്‍കില്ലെന്ന് ഉറപ്പായതോടെ മലപ്പുറത്ത് വിട്ടുനല്‍കാമെന്ന് പറഞ്ഞ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് സി.പി.ഐ നിലപാടെടുത്തത്. എന്നാല്‍ മലപ്പുറത്തെ ഏറനാട് സീറ്റില്‍ സി.പി.എം പൊതു സ്വതന്ത്രനെ നിര്‍ത്താനായിരുന്നു തീരുമാനം. ഫുട്ബാള്‍ താരം യു. ഷറഫലിയെയായിരുന്നു ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ കണ്ടുവെച്ചിരുന്നത്. സി.പി.ഐ മത്സരിച്ചിരുന്ന സീറ്റായിരുന്നു ഏറനാടും മഞ്ചേരിയും. ഏറനാട്ടില്‍ ശക്തമായൊരു മത്സരം കാണാമെന്ന പ്രതീക്ഷ വെറുതെയായി.