വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ ലീഗ് നേതൃയോഗം നാളെ മലപ്പുറത്ത് ചേരും. ഒന്നാംഘട്ടം വന്‍ വിജയമെന്ന് വിലയിരുത്തുന്ന പാര്‍ട്ടി ജനപിന്തുണ ലഭിക്കും വിധം രണ്ടാംഘട്ടവും കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ്.
മുസ്ലിം ലീഗ് സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ വിഷയത്തിലെ രണ്ടാംഘട്ട പ്രതിഷേധം എങ്ങനെ വേണമെന്ന കൂടിയാലോചനയ്ക്കാണ് നാളെ പാര്‍ട്ടി യോഗം ചേരുന്നത്. കോഴിക്കോട് വെച്ച് നടന്ന ആദ്യഘട്ട യോഗം വലിയ സ്വീകാര്യത നേടിയതും സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായെന്ന പ്രതീതിയുണ്ടാക്കിയതും ലീഗിന് ആത്മവിശ്വാസം നേടിക്കൊടുത്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ടവും കൂടുതല്‍ വിജയകരമാക്കാന്‍ കൂടിയാലോചന നടത്തുന്നത്. നിയമസഭയില്‍ നിയമം പിന്‍വലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
വഖഫ് വിഷയത്തിലെ പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്മാറിയെങ്കിലും സമരം ശക്തമാക്കാനാണ് ലീഗ് തീരുമാനം. അതേസമയം വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി.