കുടിവെള്ളം ചോര്‍ത്തി സ്വന്തം സഹോദരങ്ങള്‍ക്ക് പ്ലമ്ബര്‍ പണി കൊടുത്തത് രണ്ടുവര്‍ഷം.

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് കുടിവെള്ളം ചോര്‍ത്തി സ്വന്തം സഹോദരങ്ങള്‍ക്ക് പ്ലമ്ബര്‍ പണി കൊടുത്തത് രണ്ടുവര്‍ഷം.

കുടിക്കാന്‍ വെള്ളമില്ലാതെ നെട്ടോട്ടമോടിയ സഹോദരനും സഹോദരിയും പരാതിയുമായെത്തിയപ്പോള്‍ വാട്ടര്‍ അതോറിട്ടി അന്വേഷിച്ചിറങ്ങുകയും വെള്ളക്കള്ളനെ കൈയോടെ പിടികൂടുകയും ചെയ്തു. ഉള്ളൂര്‍ ഭാസി നഗര്‍ കരിമ്ബാലി ലെയ്നില്‍ ഗോപകുമാറാണ് സഹോദരന്‍ പ്രേംകുമാറിനെയും സഹോദരി പദ്മലതയെയും വര്‍ഷങ്ങളായി പറ്റിച്ചത്.

സംഭവം ഇങ്ങനെ: 2020ല്‍ ഗോപകുമാര്‍ 3000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള രണ്ടുനില വീട് പണിതിരുന്നു. ഒരുനിലയില്‍ ഗോപകുമാറും കുടുംബവും രണ്ടാമത്തെ നിലയില്‍ വാടകക്കാരുമാണ് താമസിച്ചിരുന്നത്. ഈ വീടിന് സമീപത്തായാണ് പ്രേംകുമാറും പദ്മലതയും താമസിച്ചിരുന്നത്.

ഇരുവരുടെയും വീടുകളിലേക്ക് കുടിവെള്ളം നല്‍കുന്നത് ഒരേ ലൈനിലൂടെയാണ്. സഹോദരന്റെ വീട്ടിലേക്കുള്ള മീറ്റര്‍ പോയിന്റിന്റെ സര്‍വീസ് ലൈനില്‍ നിന്നാണ് ഗോപകുമാര്‍ വെള്ളം ചോര്‍ത്തിയത്. പ്ലമ്ബിംഗ് ജോലികള്‍ അറിയുന്നതിനാല്‍ ഗോപകുമാറിന് വെള്ളം ചോര്‍ത്തല്‍ എളുപ്പമായിരുന്നു. വെള്ളം ചോര്‍ത്തുന്ന വിവരം വാടകക്കാര്‍ക്കും അറിയില്ലായിരുന്നു. തന്റെ വീട്ടിലും അടുത്തുള്ള വീടുകളിലും വെള്ളം കിട്ടാതെ വന്നതോടെയാണ് പ്രേംകുമാര്‍ പരാതിയുമായി വാട്ടര്‍ അതോറിട്ടിയെ സമീപിച്ചത്. ആദ്യം പരിശോധന നടത്തിയെങ്കിലും ജലമോഷണം കണ്ടെത്താനായില്ല. ഇന്നലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജോയ് എച്ച്‌.ജോണ്‍സ്, അസി.എന്‍ജിനിയര്‍ ജെ.രാജന്‍, ഓവര്‍സിയര്‍ ഫെമിന എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് പൈപ്പില്‍ എക്സ്റ്റന്‍ഷന്‍ ഘടിപ്പിച്ച്‌ വെള്ളമെടുക്കുന്നതായി കണ്ടെത്തിയത്.

10,000 രൂപ പിഴ, 20,000 വാട്ടര്‍ ചാര്‍ജും അടയ്ക്കണം

ഗാര്‍ഹികാവശ്യത്തിന് സര്‍വീസ് ലൈനില്‍ നിന്ന് ജലം മോഷ്ടിച്ചതിനാല്‍ ഗോപകുമാര്‍ 10,000 രൂപ പിഴയും രണ്ടുവര്‍ഷത്തെ വാട്ടര്‍ ചാര്‍ജായ 20,000 രൂപയും അടയ്ക്കണം. വാട്ടര്‍ അതോറിട്ടി മഹസര്‍ തയ്യാറാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കും. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്ബ് പിഴ അടയ്ക്കാന്‍ ഉപഭോക്താവ് തയ്യാറായാല്‍ വിവരം വാട്ടര്‍ അതോറിട്ടി കോടതിയെ അറിയിക്കുകയും പിഴ അടച്ച്‌ കേസ് തീര്‍പ്പാക്കുകയും ചെയ്യും.

spot_img

Related Articles

Latest news