ന്യൂഡൽഹി : ടെലിവിഷൻ ചാനലുകളെ നിരീക്ഷിക്കുന്ന സമിതിക്ക് നിയമ പരിരക്ഷ നൽകി കേന്ദ്ര സർക്കാർ. ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്ക നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനും നിയമലംഘനത്തിൽ കർശന നടപടി സ്വീകരിക്കാനും ഇത് വഴിയൊരുക്കും.
ചട്ടങ്ങൾ ലംഘിച്ചാൽ ടിവി പരിപാടികൾ നിർത്തിവെയ്ക്കാൻ സർക്കാർ ഇടപെടും. ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനങ്ങൾക്കും നിയമപരമായ രജിസ്‌ട്രേഷൻ നൽകും.
ചാനലുകൾക്കെതിരെയുള്ള പരാതികൾ പരിഗണിക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതിയാണ് നിലവിലുള്ളത്. ഇതിനു പുറമെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ (എൻബിഎസ്എ) ഉൾപ്പടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളുമുണ്ട്.
മൂന്ന് ഭാഗങ്ങളായി പരാതി പരിഹാരം നടപ്പിലാക്കാൻ നിർദ്ദേശിച്ചാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.