ലെജന്‍ഡ് ക്രിക്കറ്റ് വീണ്ടും വരുന്നു

മസ്കത്ത്: ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്‍റെ തേരിലേറ്റാന്‍ ലെജന്‍ഡ് ക്രിക്കറ്റ് മൂന്നാം പതിപ്പിന് ഒമാന്‍ വേദിയാകുന്നു.

അടുത്തവര്‍ഷം ഫെബ്രുവരി 27മുതല്‍ മാര്‍ച്ച്‌ എട്ടുവരെ ഒമാനിലും ഖത്തറിലുമായിരിക്കും മത്സരങ്ങള്‍ നടക്കുക. ആദ്യ രണ്ടു പതിപ്പുകളിലെ ഉജ്ജ്വല വിജയത്തിനുശേഷം ലെജന്‍ഡ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സ് (എല്‍.എല്‍.സി മാസ്റ്റേഴ്സ്) എന്നപേരിലാണ് മൂന്നാം പതിപ്പ് ആരാധകരിലേക്ക് എത്തുന്നത്.

ക്രിസ് ഗെയ്ല്‍, ഇയോണ്‍ മോര്‍ഗന്‍, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്സണ്‍, യൂസുഫ് പത്താന്‍ തുടങ്ങി 60ഓളം ഇതിഹാസ താരങ്ങള്‍ ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്സ് എന്നീ ടീമുകള്‍ക്കായി പാഡണിയുമെന്നാണ് കരുതുന്നത്. ആദ്യ പതിപ്പ് മസ്കത്തിലും രണ്ടാം പതിപ്പ് ഇന്ത്യയിലുമായിരുന്നു നടന്നിരുന്നത്.

കോവിഡിന്‍റെ നിഴലിലായിട്ടും ആദ്യപതിപ്പിന് മികച്ച പ്രതികരണമാണ് ഒമാനില്‍നിന്ന് ലഭിച്ചിരുന്നത്. വീരേന്ദ്ര സെവാഗിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മഹാരാജാസ്, മിസ്ബാഹുല്‍ ഹഖിന്‍റെ നായകത്വത്തില്‍ ഏഷ്യ ലയണ്‍സ്, ഡാരന്‍ സമി നയിക്കുന്ന വേള്‍ഡ് ജയന്‍റ്സ് എന്നിങ്ങനെ മൂന്നു ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചിരുന്നത്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ കൂടുതല്‍ കാണികള്‍ക്ക് പ്രവേശനവും ഉണ്ടാകും.

അല്‍ അമിറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍. ഒരുകാലത്ത് ടി.വികളിലൂടെ കണ്ടിരുന്ന താരങ്ങളെ നേരിട്ടു കാണാനുള്ള അവസരമാണ് ഒമാനിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതിലൂടെ കൈവന്നിരിക്കുന്നത്. ടീമുകളുടെയും കളിക്കാരുടെയും പ്രഖ്യാപനം വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് കരുതുന്നത്.

ലോകകപ്പ് ക്രിക്കറ്റ് ട്വന്‍റി20 ടൂര്‍ണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പായിരുന്നു ലെജന്‍ഡ് ക്രിക്കറ്റിന്‍റെ പ്രഥമ പതിപ്പിന് ഒമാനെ പരിഗണിച്ചിരുന്നത്. ലോകകപ്പിനായി ഒരുങ്ങാന്‍ കുറച്ചുസമയമാണ് ഒമാന് ലഭിച്ചത്. എന്നാല്‍ അതിനുള്ളില്‍ത്തന്നെ മികച്ച സൗകര്യമൊരുക്കി ലോകമാമാങ്കം വിജയകരമായി നടത്താന്‍ ഒമാന് സാധിച്ചു.

spot_img

Related Articles

Latest news