പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. വിവിധ വിഷയങ്ങളില്‍ ഇന്നും ഭരണ – പ്രതിപക്ഷ വാക്‌പോരിന് സഭാതലം വേദിയാകും.
ഇന്ന് പിരിയുന്ന സഭ ഇനി മാര്‍ച്ച് 11 നാണ് ചേരുക. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് മാര്‍ച്ച് 11 ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.
കഴിഞ്ഞ ദിവസം രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയമസഭയിലുന്നയിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ നിന്നിറ ങ്ങിപ്പോയി. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്നും പൊലീസിലെ എസ് പി മാരെ നിയന്ത്രിക്കുന്നത് സിപിഐഎം സെക്രട്ടറിമാരാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. താങ്കള്‍ പോയി നോക്കിയോ എന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് പരിഹസിക്കേണ്ട എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
അക്രമസംഭവങ്ങളില്‍ കേരളം ഉത്തര്‍പ്രദേശിനെ കവച്ചുവെക്കുന്ന നിലയാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിക്കുകയായിരുന്നു. പൊലീസ് സംവിധാനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള വലിയ വാക്പോരിനാണ് സഭ ഇന്നലെ സാക്ഷിയായത്.