‘അതങ്ങ് മറക്കാം, പൊറുക്കാം; ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല’: കെ സുധാകരന്‍

ചാനല്‍ ചര്‍ച്ചയില്‍ ഉണ്ടായ വാക്കേറ്റം വിവാദമായതിന് പിന്നാലെ നേതാക്കളെയും അണികളെയും തിരുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നികേഷ് കുമാറുമായുണ്ടായ തര്‍ക്കത്തെ പ്രതിപാദിച്ചായിരുന്നു കുറിപ്പ്. “അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല” എന്നാണ് ചര്‍ച്ചയ്ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ സുധാകരന്‍ പറഞ്ഞത്.

അഭിമുഖത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ ഇതില്‍ നികേഷ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍​ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരിനാഥനും അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

റിപ്പോര്‍ട്ടര്‍ ചാനലുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ ശ്രീ. നികേഷും ഞാനും തമ്മില്‍ ഉണ്ടായ വാഗ്വാദം നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
ചര്‍ച്ചയില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ല.

കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിന്റെ മകന്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ട്.
ആ സംവാദത്തില്‍ ഞാന്‍ മറുപടി പറഞ്ഞതോട് കൂടി ആ കാര്യം ഞാന്‍ മറന്നു. അതിനെ ഒരു പ്രതികാരവാജ്ഞയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല.

പ്രതികാരം തീര്‍ക്കുന്ന സംഭവമായി അതിനെ മാറ്റരുത്. ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല.

അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ സ്നേഹപൂര്‍വ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല.
ആ സംഭവം മനസ്സില്‍ വെച്ച്‌ ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ അപേക്ഷിക്കുന്നു, ദയവായി അത് ആവര്‍ത്തിക്കരുത്.
അതില്‍ നിന്ന് പിന്തിരിയണം. എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ അനുസരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതല്‍ പിന്തിരിയണം.
ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോൾ സഹന ശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉള്‍കൊള്ളാനും നമുക്ക് സാധിക്കണം.

spot_img

Related Articles

Latest news