“സ്വര്‍ഗത്തിലേക്കുള്ള കത്ത്, എന്റെ പ്രിയപ്പെട്ട അച്ഛന്, ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കും”; നോവായി ശ്രീനന്ദനയുടെ കത്ത്

ബാലുശ്ശേരി: ഒരച്ഛൻ മകള്‍ക്ക് എഴുതിയ കത്ത് നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചുപോയ അച്ഛന് മകളെഴുതിയ കുറിപ്പ് ആരുടെയും ഉള്ളുലയ്ക്കും.വായന മാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോർത്ത് എ. യു. പി സ്കൂള്‍ വിദ്യാരംഗം കുട്ടികള്‍ക്കായി നടത്തിയ ‘കത്തെഴുതാം സമ്മാനം നേടാം”-വിജയിയെ കണ്ടെത്താനുള്ള തപാല്‍പ്പെട്ടി തുറന്നപ്പോഴാണ് ശ്രീനന്ദനയുടെ കുറിപ്പ് വിധികർത്താക്കളുടെ കരള്‍പിളർക്കും കാഴ്ചയായത്.

എല്ലാവരും കൂട്ടുകാർക്കും അദ്ധ്യാപകർക്കും എഴുത്തുകാർക്കും മറ്റും കത്തെഴുതിയപ്പോള്‍ ശ്രീനന്ദ കഴിഞ്ഞവർഷം ബൈക്ക് അപകടത്തില്‍ തങ്ങളെ വിട്ടുപോയ അച്ഛൻ വായിക്കാൻ സ്വർഗത്തിലേക്ക് കത്തെഴുതുകയായിരുന്നു. അച്ഛൻ വിട്ടുപോയതിന്റെ നൊമ്പരമായിരുന്നു ശ്രീനന്ദനയുടെ ഓരോ വരിയിലും. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബൈജുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ മാത്രമല്ല നാടിനെയും സങ്കടത്തിലാഴ്ത്തിയിരുന്നു. ശ്രീനന്ദയുടെ മാതാവ് ധന്യ ബേക്കറി ജോലി ചെയ്താണ് ഇപ്പോള്‍ കുടുംബം പുലർത്തുന്നത്.

“എപ്പോഴെങ്കിലും ഒരിക്കല്‍ ഞാൻ എന്റെ അച്ഛനെ കാണും. ഞാൻ നന്നായി പഠിക്കുന്നുണ്ട്, പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട് ” എന്നെഴുതിയാണ് ശ്രീനന്ദ കത്ത് അവസാനിപ്പിക്കുന്നത്. നൂറോളം കുട്ടികള്‍ പങ്കെടുത്ത കത്തെഴുത്ത് മത്സരത്തില്‍ ഒരു മകള്‍ അച്ഛന് എഴുതിയ ‘ സ്വർഗത്തിലേക്ക് ഒരു കത്ത്’ ഒന്നാം സ്ഥാനത്തിന് അർഹമായി. വൈകാരികതയ്ക്ക് അപ്പുറം കത്തിന്റെ ഉള്ളടക്കവും ഭാഷയും ശക്തവും ഭാവ തീവ്രവുമാണെന്ന് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനർ അനാമിക ടീച്ചർ അഭിപ്രായപ്പെട്ടു. ഒന്നാം സ്ഥാനം കിട്ടിയെങ്കിലും ശ്രീനന്ദയുടെ കണ്ണിലുണ്ട് അച്ഛന്റെ അസാന്നിദ്ധ്യം.

കത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന്

സ്വർഗത്തിലേക്കുള്ള കത്ത്

” എന്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛൻ സ്വർഗ്ഗത്തില്‍ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സ്വർഗ്ഗത്തിലേക്കുള്ള ഒരു കത്താണിത്. അച്ഛന് ഇപ്പോള്‍ സുഖമാണോ?, അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛൻ തിരികെ വരിക?, ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കും”.

spot_img

Related Articles

Latest news