എല്‍ഐസി ഓഹരി വില്‍പനയ്ക്ക് ഇന്ന് തുടക്കം

രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടപടികള്‍ക്ക് ഇന്ന് തുടക്കം. എല്‍ഐസിയുടെ ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ ഇന്ന് മുതല്‍ ഒന്‍പതാം തീയതി വരെയായി നടക്കും. ഒരു ഓഹരിക്ക് 902 മുതല്‍ 949 രൂപ എന്ന പ്രൈസ് ബാന്‍ഡിലാണ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍.

പോളിസി ഉടമകള്‍ക്ക് 60 രൂപയും, റീട്ടെയില്‍ നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും 40 രൂപ വീതവും ഓഹരി വിലയില്‍ ഡിസ്‌കൗണ്ട് നല്‍കും.

മെയ് 12നാണ് ഓഹരി അലോട്ട്‌മെന്റ്. മെയ് പതിനേഴിന് എല്‍ഐസി ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇനിഷ്യല്‍ പബ്ലിക് ഓഫറിലൂടെ 22.13 കോടി ഓഹരികളാണ് എല്‍ഐസി വില്‍ക്കുന്നത്. 20,557.23 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഓഹരി വാങ്ങാനുള്ള അപേക്ഷ നല്‍കാം. കമ്പനി മികച്ചതാണെങ്കില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഐപിഒ വഴി നിക്ഷേപകര്‍ക്ക് ഓഹരി സ്വന്തമാക്കാം.

അതേസമയം എല്‍ഐസി ഓഹരി വില്‍പന ദേശവിരുദ്ധ നീക്കമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിമര്‍ശിച്ചു. രാജ്യതാത്പര്യത്തിന് വിരുദ്ധമായി കുത്തകള്‍ക്കും സ്വകാര്യ മൂലധനത്തിനും എല്‍ഐസി തുറന്നുകൊടുക്കുന്നതില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിഷേധമറിയിച്ചു. ഓഹരി വില്‍പനകള്‍ക്കെതിരെ എല്‍ഐസി ജീവനക്കാരും ഏജന്റുമാരും പോളിസി ഉടമകളും നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബെഫി വ്യക്തമാക്കി.

spot_img

Related Articles

Latest news