തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് ഗാന്ധി കുടുംബത്തെ അവഹേളിച്ചു കൊണ്ട് നിയമസഭയിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം.
വ്യാഴാഴ്ച നിയമസഭയിൽ ബഡ്ജറ്റിനെ അനുകൂലിച്ച് സംസാരിക്കുന്നതിനിടയിൽ കോൺഗ്രസ് നേതാക്കളായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി ഉൾപ്പെടെയുള്ള ഗാന്ധി കുടുംബാംങ്ങളെ കുറിച്ചു നടത്തിയ പ്രസംഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നിയമസഭയിൽ തന്നെ എം.എൽ.എയുടെ പ്രസംഗത്തിനെതിരെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
ഇതിനിടെ എം.എൽ.എ തന്റെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പ്രസംഗത്തിൻറെ പൂർണ്ണരൂപം പുറത്തുവിട്ടതോടുകൂടി സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തു. എം എൽ എ യുടെ പ്രസംഗത്തിനെതിരെ തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. തിരുവമ്പാടിയിൽ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വട്ടപ്പറമ്പിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഡി. കെ. ടി. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദു കൊയങ്ങോറൻ, ടോമി കൊന്നക്കൽ, മനോജ് വാഴേപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ടി. എൻ സുരേഷ്, അജ്മൽ യു. സി എന്നിവർ പ്രസംഗിച്ചു.
എം. എൽ. എ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറഞ്ഞില്ലെങ്കിൽ എം. എൽ. എ യെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ കോൺഗ്രസ് തിരുമാനിച്ചു.
ലിന്റോ ജോസഫിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുക്കത്ത് വെച്ച് നടന്ന പരിപാടിയിൽ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.ടി. മൻസൂർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.ടി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി.ടി. സുലൈമാൻ ,വി എൻ. ജംനാസ്, അഷ്റഫ് കൊളക്കാടൻ, എം.കെ. മമ്മദ്, പ്രഭാകരൻ മുക്കം,പി.പ്രേമദാസൻ , കെ.പി. വദൂദ് റഹ്മാൻ , ഒ.കെ. ബൈജു , ജംഷിദ് ഒളകര, തനുദേവ് കൂടാം പൊയിൽ , നിഷാദ് മുക്കം എന്നിവർ സംസാരിച്ചു.
ജലീൽ പെരുമ്പടപ്പ്, ജംഷാദ് , ശ്യാം മുന്തിർ ചേന്ദമംഗല്ലൂർ, ശരത്ത് മുക്കം, സിയാദലി മുക്കം, സഫ്നാസ് മുക്കം, തുടങ്ങിയവർ നേതൃത്വം നൽകി.