എറണാകുളം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകർക്ക് സന്തോഷ വാർത്ത. ലയണല്‍ മെസിയും അർജന്റീന ഫുട്ബോള്‍ ടീമും കേരളത്തിലേക്കെത്തുന്നു.അർജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ .
അടുത്ത വർഷം മത്സരമെന്ന് മന്ത്രി പറഞ്ഞു. സ്‌പെയിനില്‍ വെച്ചു അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തി. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും അർജന്റീനൻ ടീം കളിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും.വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന.ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു .
അർജന്‍റീനിയൻ ടീമിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകള്‍ സ്പോണ്‍സർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോള്‍ഡ് ആൻ്റ് സില്‍വർ മെർച്ചൻ്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനകീയമായി നടത്തും.എല്ലാ പ്രവർത്തനങ്ങള്‍ നേരിട്ട് മോണിറ്റർ ചെയ്ത് സർക്കാർ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്ബോള്‍ മാമാങ്കത്തിന് പിന്തുണ നല്കാൻ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്പോർട്സ് ഫൌണ്ടേഷൻ്റെ പേരില്‍ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.
കേരള സ്പോർട്സ് കൌണ്‍സില്‍ പ്രസിഡൻ്റ് ഷറഫലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര, വൈസ് പ്രസിഡൻ്റ് ധനീഷ് ചന്ദ്രൻ, ഓള്‍ കേരള ഗോള്‍ഡ് ആൻ്റ് സില്‍വർ മെർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര, ലിമാക്സ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ മുജീബ് ഷംസുദ്ദീൻ, സിംഗിള്‍ ഐഡി ഡയറക്ടർ സുഭാഷ് മാനുവല്‍ എന്നിവരും മന്ത്രിക്കൊപ്പം പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.