അബൂദബി: കള്‍ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പശ്ചിമ അബൂദബിയിലെ ലിവ നഗരത്തില്‍ 17ാമത് ഈന്തപ്പഴോത്സവത്തിന് തുടക്കം. ഈ മാസം 25 വരെ നീളുന്ന വാര്‍ഷികോത്സവത്തില്‍ കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തുകയും ഉയര്‍ന്ന നിലവാരമുള്ള ഈന്തപ്പഴം ഉല്‍പാദിപ്പിക്കുന്ന മാര്‍ഗങ്ങള്‍ കാട്ടിക്കൊടുക്കുകയും ചെയ്യും.
അറഫ, ഈദ് അല്‍ അദ്ഹ ദിവസങ്ങളിലൊഴികെ രണ്ട് ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍. ജൂലൈ 15 മുതല്‍ 18 വരെയും തുടര്‍ന്ന് 22 മുതല്‍ 25 വരെയുമാണ് ഫെസ്റ്റിവല്‍ നഗരി തുറക്കുക.
കോവിഡ് പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഈ വര്‍ഷം ഈന്തപ്പഴോത്സവ നഗരിയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും 48 മണിക്കൂര്‍ മുമ്പുള്ള പി.സി.ആര്‍ പരിശോധനയുടെ നെഗറ്റിവ് ഫലം അല്‍ ഹുസ്ന് ആപ്പില്‍ കാണിക്കുന്നവര്‍ക്കും മാത്രമാണ് പ്രവേശനം.
ഉത്സവ നഗരിയിലെ പ്രധാന പരിപാടി മികച്ച ഈന്തപ്പഴത്തിനുള്ള മത്സരമാണ്. ഈന്തപ്പന കൃഷി സംബന്ധിച്ച പ്രഭാഷണങ്ങള്‍, കവിത സായാഹ്നങ്ങള്‍, കാര്‍ഷിക ഉപകരണ പ്രദര്‍ശനം, ഈന്തപ്പന മരത്തില്‍ നിന്നുള്ള കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനങ്ങളും ഫെസ്റ്റിവല്‍ നഗരിയില്‍ നടക്കും.
അബൂദബി നഗരത്തില്‍നിന്ന് 216 കിലോമീറ്റര്‍ അകലെയാണ് ഫെസ്റ്റിവല്‍ നടക്കുന്ന ലിവ നഗരം. യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തിലാണ് ഫെസ്റ്റിവല്‍.