തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് റെക്കോഡ് നേട്ടത്തിലേക്ക്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം വാര്‍ഷിക പദ്ധതിച്ചെലവ് 73.27 ശതമാനത്തിലെത്തി. സമര്‍പ്പിക്കപ്പെട്ട ബില്‍കൂടി (പെന്‍ഡിങ് ബില്‍) കൂട്ടിയാല്‍ ഇത് 76.60 ശതമാനമാകും. ഈ ബില്ലുകള്‍ രണ്ട് ദിവസത്തിനകം മാറും. 49 പഞ്ചായത്തുകള്‍ 100 ശതമാനം നേട്ടം കൈവരിച്ചു. 175 തദ്ദേശഭരണ സ്ഥാപനങ്ങളാകട്ടെ 90 ശതമാനം മറികടന്നു.
ഇവയും ഉടന്‍ നൂറിലെത്തും. അതോടെ ജനകീയാസൂത്രണ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പദ്ധതിച്ചെലവായ 2017 -18-ലെ 85.45 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ മറികടക്കും. കോവിഡ് പ്രതിസന്ധിയും തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും നിലനില്‍ക്കെയാണ് ഈ നേട്ടം കൈവരിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലം 73.61 ശതമാനമായിരുന്നു പദ്ധതിച്ചെലവ്.
അതിനിടെ, മുന്‍ വര്‍ഷങ്ങളിലെ തുടര്‍ പദ്ധതികളുടെ ബില്‍ നല്‍കാന്‍ ഫണ്ട് തികയാതെ വരുന്നതിനാല്‍ 90 ശതമാനം പദ്ധതിച്ചെലവ് കൈവരിച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപകൂടി നല്‍കും. ഇതിന് ധനവകുപ്പ് പ്രത്യേകമായി തുക മാറ്റിവച്ചു. ഏത് വിഹിതത്തിലാണോ 90 ശതമാനം തുക ചെലവഴിച്ചത് ആ വിഹിതത്തിലേക്കാകും അധികതുക കൈമാറുക.
2011 – 2016 കാലയളവിൽ 29,705.73 കോടി രൂപയും 2016 – 2021 കാലയളവിൽ 52648.37 കോടി രൂപയുമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമായി നല്‍കിയത്. പ്രളയ സമയത്തും കോവിഡ്പ്രതിസന്ധിയിലും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം കുറയ്ക്കാതെ 77 ശതമാനം വര്‍ധിപ്പിച്ച് നല്‍കാൻ കഴിഞ്ഞതിൽ സര്‍ക്കാറിന് അഭിമാനിക്കാം