തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ്.മുന്നേറ്റം വ്യക്തം. നിലവില്‍ 140 നിയമസഭാ സീറ്റുകളില്‍ 80 സീറ്റുകളിലാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. എല്‍.ഡി.എഫിന് 58 സീറ്റുകളിലും എൻ.ഡി.എയ്ക്ക് 2 സീറ്റുകളിലും മാത്രമാണ് മുൻതൂക്കമുള്ളത്.
മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ യു.ഡി.എഫിനാണ് സമഗ്രാധിപത്യം ലഭിച്ചിട്ടുള്ളത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളില്‍ എല്‍.ഡി.എഫിന് മുൻതൂക്കം ഉണ്ട്. എന്നാല്‍, കണ്ണൂരില്‍ ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന്റെ മുൻതൂക്കം.
തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലാണ് എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്, അവ നേമം, വട്ടിയൂർക്കാവ് എന്നിവയാണ്. ഈ കണക്കുകള്‍ പ്രകാരം, തൃശൂരില്‍ ബി.ജെ.പിക്ക് ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം ഇല്ല എന്നതും ശ്രദ്ധേയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ കണക്കുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.

